തിരുവനന്തപുരം: കടുത്ത വേനലേറ്റ് നീങ്ങുന്ന കേരളത്തിൽ അൾട്രാവയലറ്റ് (യുവി) വികിരണ തീവ്രത ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യുവി സൂചിക പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ യുവി സൂചിക 11 ആണ്.
പൊതു ജനങ്ങൾക്ക് രാവിലെ 11 മുതൽ ഉച്ചയ്ക്കും 3 മണിക്കും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് (യുവി സൂചിക 8-10) പ്രഖ്യാപിച്ചിരിക്കുമ്പോൾ, കോഴിക്കോട്, വയനാട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ ജില്ലകൾ യെല്ലോ അലർട്ടിൽ (യുവി സൂചിക 6-7) ഉൾപ്പെടുന്നു. കാസർകോട് ജില്ലയിൽ അലർട്ടില്ല (യുവി സൂചിക 5).
വേനൽക്കാലത്ത് സൂര്യൻ വടക്കൻ അർദ്ധഗോളത്തിലേക്ക് നീങ്ങുന്നതിന്റെ സ്വാധീനത്താലാണ് ചൂട് കൂടുന്നതെന്നും അടുത്ത രണ്ട് ആഴ്ചകൾക്ക് ഉയർന്ന യുവി നിരക്ക് തുടരുമെന്നുമാണ് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ എസ്. അഭിലാഷ് വ്യക്തമാക്കുന്നത്.





