Kerala News

പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂരിഭാഗവും നഷ്ടത്തിൽ; 18,062.49 കോടി രൂപയുടെ അധിക ബാധ്യത, കെഎസ്ആർടിസിയിൽ കണക്കുകൾ പോലും ലഭ്യമല്ല: സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ട്. 2020 മുതൽ 2023 മാർച്ച് വരെയുള്ള കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ 77 സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാവുകയും ആകെ 18,062.49 കോടി രൂപയുടെ അധിക ബാധ്യത പൊതുഖജനാവിനുണ്ടായിരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പൊതുമേഖലയിൽ നിലവിൽ 58 സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായുള്ള പ്രവർത്തനം നടത്തുന്നത്. എന്നാൽ, നഷ്ടത്തിൽ പ്രവർത്തിക്കുന്ന 18 സ്ഥാപനങ്ങൾ 1986 മുതൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നവയാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

കെഎസ്ആര്‍ടിസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ഉള്ളത്. 2016ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി പറയുന്നു.

കെഎംഎംഎല്‍ കൃത്യമായ കണക്കുകൾ നൽകുന്നില്ലെന്നും അസംസ്കൃത വസ്തുക്കളുടെ വാങ്ങലിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 23.17 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, യോഗ്യതയില്ലാത്തവർക്ക് കരാറുകൾ അനുവദിക്കുകയും, ടെൻഡർ വിളിക്കാതെ അസംസ്കൃത വസ്തുക്കൾ വാങ്ങുകയും ചെയ്തതിന്റെ ഫലമായി വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ദയനീയ നില മുൻനിർത്തി ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നും, ടെൻഡറുകൾ വിളിച്ച് ലേല സമ്പ്രദായം പാലിക്കണമെന്നും സിഎജി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *