Education Kerala News

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്ന് വൈകിട്ട് 5 വരെ അവസരം; ഇല്ലെങ്കില്‍ സീറ്റ് റദ്ദാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ന് (ജൂണ്‍ 5) വൈകിട്ട് 5 മണിവരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും ആവശ്യമായ രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനവും ലഭ്യമാകും.

സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ അവരെ പരിഗണിക്കില്ല. അതിനാല്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍, താല്‍ക്കാലിക അഡ്മിഷനെടുക്കണം. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്ട്‌മെന്റിന് ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാല്‍ ഒഴിവു വന്ന സീറ്റുകളും ചേര്‍ത്ത് രണ്ടും മൂന്നും അലോട്ട്‌മെന്റുകള്‍ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 16 ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.

സപ്ലിമെന്ററി അലോട്ട്മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക. ആദ്യ മൂന്ന് അലോട്ട്മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *