Kerala News

ഇറ്റ്‌ഫോക്കിന് നാളെ തിരശ്ശീല വീഴും

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ (ഫെബ്രുവരി 1) തിരശ്ശീല വീഴും.പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ നാടകോത്സവം. എല്ലാ നാടകങ്ങളും നിറഞ്ഞ സദസ്സിനു മുന്നിലാണ് അരങ്ങേറിയത് . 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങേറുന്നത്.ഇതില്‍ 40 അവതരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.ഏഴ് അവതരണങ്ങള്‍ ഇന്നുനടക്കും. ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍ എന്നതായിരുന്നു ഈവര്‍ഷത്തെ ഇറ്റ്‌ഫോക് പ്രമേയം. നാടകങ്ങള്‍ക്ക് പുറമേ സംവാദങ്ങള്‍, ചര്‍ച്ച, അനുസ്മരണം,ഡോക്യൂമെന്ററി പ്രദര്‍ശനം,സംഗീത പരിപാടികള്‍,ഫോട്ടോ-ചിത്ര-പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നാടകോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.കലാപരിപാടികളില്‍ ഗോത്രകലാവിഷ്‌കാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഇറ്റ്‌ഫോക് വേദിയില്‍ ചേരൂര്‍ സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച താളവാദ്യമേളവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 92 വിദ്യാര്‍ത്ഥികൾ ഇറ്റ് ഫോക്കിൽ നാടകം കാണാന്‍ എത്തിയതും ഇത്തവണത്തെ സവിശേഷതയാണ്. ഇറ്റ്‌ഫോക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങേറിയ നാടകമായ റോമിയോ ആന്റ് ജൂലിയറ്റ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതും. ഇങ്ങനെ സവിശേഷതകൾ ഏറെയുള്ള ഇറ്റ്ഫോക്കിനാണ് നാളെ തിരശ്ശീല വീഴുന്നത്.

        

Leave a Reply

Your email address will not be published. Required fields are marked *