Kerala News

‘നമ്മുടെ കേരളം’ വരുന്നു: എല്ലാ സർക്കാർ സേവനങ്ങളും ഇനി ഒരൊറ്റ ഡിജിറ്റൽ വാതിലിലൂടെ

പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാർ സേവനങ്ങൾ എളുപ്പവും സുരക്ഷിതവുമായ രീതിയിൽ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ നമ്മുടെ കേരളം’ തയ്യാറാകുന്നു. സർക്കാർ സേവനങ്ങളെ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമപദ്ധതികൾ, പെൻഷൻ, ഫീസ് അടച്ചുപിരിവുകൾ, വിവിധ അപേക്ഷകൾ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ആവശ്യമായ 150-ലധികം സർക്കാർ സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും. എല്ലാവർക്കും ഉപയോഗിക്കാൻ എളുപ്പമുള്ള ലളിതമായ ഇന്റർഫേസും ആകർഷകമായ ഡിസൈനുമാണ് ‘നമ്മുടെ കേരളം’ ആപ്പിന്റെ പ്രധാന സവിശേഷത.

സ്വകാര്യതക്കും ഡാറ്റാ സുരക്ഷയ്ക്കും പരമാവധി പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്ത ആപ്പിലൂടെ സേവനങ്ങളിലെ പുതുക്കലുകൾ തത്സമയം അറിയാനും, ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും, പരാതികൾ സമർപ്പിക്കാനും സാധിക്കും. മൊബൈൽ ആപ്പിനൊപ്പം ‘നമ്മുടെ കേരളം’ വെബ് പോർട്ടലിലൂടെയും ഇതേ സേവനങ്ങൾ ലഭ്യമാകും. ഐ.ടി. വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സി-ഡിറ്റും ചേർന്നാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രകാശനത്തിന് ശേഷം ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ‘നമ്മുടെ കേരളം’ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *