Economy India Kerala News

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

കൊച്ചി–മസ്കത്ത് സർവീസ് തുടങ്ങി; ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 4 വരെ നിർത്തിവെച്ചു

ഡൽഹി: ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് തടസപ്പെട്ടിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള ഭൂരിഭാഗം സർവീസുകളും മാർച്ച് 4 അർധരാത്രിവരെ ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. അതേസമയം, നോർത്ത് അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ അനുസരിച്ച് ബദൽ വ്യോമപാതകൾ ഉപയോഗിച്ച് തുടരുന്നതായും അധികൃതർ അറിയിച്ചു.

മാർച്ച് 4ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള പതിവ് സർവീസുകൾക്കൊപ്പം ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും നടത്തും.

ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾ മാർച്ച് 4 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് 3, 4 തീയതികളിൽ ജിദ്ദയിലേക്കും ദുബായിലേക്കുമുള്ള സർവീസുകൾക്കായി കൂടുതൽ ശേഷിയുള്ള വലിയ വിമാനങ്ങൾ വിന്യസിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഏകദേശം 350 സീറ്റുകളുള്ള ബോയിങ് 777 വിമാനം മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടതും, 300 സീറ്റുകളുള്ള ബോയിങ് 787-9 വിമാനം ഡൽഹിയിൽ നിന്ന് ദുബായിലേക്കും സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *