Business Court Kerala News Politics

കില–യുഎൻയു-സിആർഐഎസ് സഹകരണം: ധാരണാപത്രത്തിൽ ഒപ്പുവെച്ചു

നഗരവികസനം, കാലാവസ്ഥാ വ്യതിയാനം, വികേന്ദ്രീകൃത ഭരണകൂടം തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണത്തിനും പരിശീലനത്തിനും വഴിയൊരുങ്ങും

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ബ്രസൽസിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഗവേഷണ സ്ഥാപനമായ യുഎൻയു-സിആർഐഎസും (UNU-CRIS) തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തിൽ കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീനും യുഎൻയു-സിആർഐഎസ് ഡയറക്ടർ ഫിലിപ്പ് ഡി. ലോംബേർഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

കേരളത്തിലെ ഒരു സ്ഥാപനവുമായി യുഎൻയു-സിആർഐഎസ് ധാരണാപത്രത്തിൽ എത്തുന്നത് ഇതാദ്യമായാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാനത്തിന് ഇത് ഒരു ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ നഗരവികസനം, കാലാവസ്ഥാ വ്യതിയാനം, വികേന്ദ്രീകൃത ഭരണകൂടം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നതിനും വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കുന്നതിനും ഈ സഹകരണം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വർധിപ്പിക്കൽ, ഗവേഷണം, നയപിന്തുണ, അനുഭവപരിചയാധിഷ്ഠിത പഠനം എന്നിവയിലും സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. ധാരണാപത്രത്തിന്റെ ഭാഗമായി സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ, നയരൂപീകരണ പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, ശേഷി വർധന പ്രവർത്തനങ്ങൾ, സ്റ്റുഡന്റ് എക്സ്ചേഞ്ച്, സംയുക്ത പ്രസിദ്ധീകരണങ്ങൾ, വിവര-പ്രസിദ്ധീകരണ കൈമാറ്റം തുടങ്ങിയവ നടപ്പാക്കും.

കേരളത്തിലെ ഗ്രാമ-നഗര ഭരണകൂടങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിനും ആഗോള തലത്തിലുള്ള അറിവുകൾ പങ്കുവെയ്ക്കുന്നതിനും ഈ ധാരണാപത്രം നിർണായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുമായി സഹകരണം യാഥാർത്ഥ്യമാകുന്നതോടെ കിലയുടെ പ്രവർത്തനങ്ങൾക്ക് ആഗോള തലത്തിൽ കൂടുതൽ ശക്തി ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ യുഎൻയു-സിആർഐഎസ് ലോകമെമ്പാടുമുള്ള പ്രാദേശിക സഹകരണവും മൾട്ടി-ലെവൽ ഭരണ സംവിധാനങ്ങളും പഠിക്കുകയും പൊതുനയങ്ങളിൽ അവയുടെ സ്വാധീനം വിശകലനം ചെയ്യുകയും ചെയ്യുന്നതാണ് പ്രധാന പ്രവർത്തനം.

കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന കേരള അർബൻ കോൺക്ലേവിൽ ഇതുസംബന്ധിച്ച താൽപര്യപത്രം കൈമാറിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഓൺലൈനായി നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും യുഎൻയു-സിആർഐഎസ് പ്രതിനിധി ഡോ. നന്ദിത മാത്യൂസും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *