പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന സര്‍ഫറാസ് അഹ്‌മദ് അന്താരാഷ്ട്രാ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.
വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സര്‍ഫറാസ് പാകിസ്താനെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 54 ടെസ്റ്റ് മത്സരങ്ങളിലും 117 ഏകദിന മത്സരങ്ങളിലും 61 ട്വൻ്റി20 അന്താരാഷ്ട്രാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 6 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും ഉള്‍പ്പെടെ 6,164 റണ്‍സ് സര്‍ഫറാസ് നേടി.
315 ക്യാച്ചുകളും 56 സ്റ്റമ്പിംഗുകളും നേടി മിന്നുന്ന പ്രകടനമാണ് സര്‍ഫറാസ് കളിക്കളത്തില്‍ കാഴ്ചവെച്ചത്. 50 ഏകദിനങ്ങള്‍, 37 ട്വൻ്റി20കള്‍, 13 ടെസ്റ്റുകള്‍, എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകളിലായി 100 അന്താരാഷ്ട്രാ മത്സരങ്ങളില്‍ സര്‍ഫറാസ് പാകിസ്താനെ നയിച്ചു. അദ്ദേഹത്തിൻ്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താന്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
2017ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ വിജയിത്തിലേക്ക് നയിച്ചത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റന്‍സിയിലെ നാഴികക്കല്ലാണ്. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ അന്ന് കീരിടം നേടിയത്.
ക്രിക്കറ്റ് കരിയറില്‍ ഒപ്പം നിന്ന് പിന്തുണ നല്‍കിയ സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, ആരാധകര്‍ക്കും, കുടുംബങ്ങള്‍ക്കും സർഫറാസ് നന്ദി പറഞ്ഞു.





