എം.എ.സുധീർബാബു പട്ടാമ്പി,
കൃഷി ജേർണലിസ്റ്റ്
വീണ്ടും ഒരു അന്താരാഷ്ട്ര ജലദിനം (International Day of Water) ഇന്ന് ആചരിക്കുകയാണ്. എല്ലാ വർഷവും ഐക്യ രാഷ്ട്രസഭയുടെ ആഖ്യാനമനുസരിച്ചു ലോകമെമ്പാടും മാർച്ച് 22 ലോക ജല ദിനമാണ്.
2026 ലെ ലോക ജലദിന സന്ദേശം, ” ജലവും, ജൻഡറും ” (Water and Gender) എന്നതാണ്. ലോകമെമ്പാടും, സ്ത്രീകളും, വാർദ്ധക്യം ബാധിച്ച വീട്ടമ്മമാരും, കുട്ടികളും, പ്രത്യേകിച്ചു, പെൺകുട്ടികളും വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ്, ദൂരെ നിന്നും വെള്ളം ചുമന്നു വീട്ടാവശ്യത്തിന് എത്തിക്കുന്നത്. ഇതൊരു യാഥാർത്ഥ്യം ആയതിനാൽ, ജല സംരക്ഷണവും, ജലശേഖരണവും, സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലായെന്നും, ലിംഗ വ്യത്യാസം ഇല്ലാതെ ഇക്കാര്യം ലോക വ്യാപകമായി നടപ്പിൽ വരുത്താൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ വർഷത്തെ water and Gender എന്ന ജലദിന സന്ദേശം.
സ്ത്രീകളുടെ പ്രയാസം തിരിച്ചറിഞ്ഞു അവരെ സഹായിക്കാനും, ജല സംഭരണത്തിൽ ലിംഗ ഭേദമില്ലാതെ തുല്യത ഉറപ്പാക്കാനും നിരവധി ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങൾ, കാമ്പയിനുകൾ, എന്നിവ നടത്താനും ശ്രമിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ഇതിൻ്റെ ഭാഗമായിട്ടുള്ള ക്യാമ്പയിൻ വിഷയം തന്നെ “എവിടെ ജലം സുലഭമായി ഒഴുകുന്നുവോ , അവിടെ സമത്വം (തുല്യത ) വളരുന്നു”. (Where water flows, Equality grows) എന്നതാണ്.
ലോകത്ത് ഓരോ കുടുംബത്തിലെയും സ്ത്രീകളെ, അതായത് അമ്മമാരെ, ശാക്തീകരിക്കുമ്പോൾ മാത്രമാണ് ആ കുടുംബവും, സമൂഹവും, നാടും ശക്തി പ്രാപിച്ചു, സ്വയം പര്യാപ്തമാകുന്നത്. സ്ത്രീകളും കുട്ടികളും, പെൺകുട്ടികളുമാണ്, ലോക വ്യാപകമായി ജലലഭ്യത കുറവ് കൊണ്ടു ഏറ്റവും പ്രയാസം നേരിടുന്നത്. ഓരോ കുടുംബത്തിനും, കുടുംബാംഗങ്ങൾക്കും ആവശ്യമായ ജലലഭ്യത ഇല്ലാത്തതു പല പ്രദേശങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. ഇത്തരം ദുരിതം ഇല്ലാതാക്കാനും ജല ലഭ്യതക്കുമായി, ജല സംഭരണ-സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണ് കൂടാതെ അതിനു വേണ്ട പ്രചാരണവും വേണം. അതിനു കൂടി ലക്ഷ്യമിട്ടാണ്, ലോക ജലദിനം കൊണ്ടാടുന്നത്.
ലഭ്യമായ ജലത്തിൻ്റെ തുല്ല്യമായ വിനിയോഗം. ജല മാനേജ്‌മെൻ്റ്, ജല നേതൃ ശേഷി, ശരിയായ തീരുമാനമെടുക്കൽ, എന്നിവക്ക് സ്ത്രീകൾക്ക് വളരെ ഏറെ പ്രധാന്യമുണ്ട്.
ജലം, അല്ലെങ്കിൽ വെള്ളം, (water) ഭൂമിയുടെ ജീവരക്തമാണ്. വെള്ളം സംഭരിച്ചുവെക്കുന്നതിലും, ഭൂഗർഭ ജലനിരക്ക് കൂട്ടുന്നതിലും, നമ്മുടെ മണ്ണിനു (soil) നല്ല പങ്കാണുള്ളത്. കഴിഞ്ഞ വർഷം, മഞ്ഞു മലകളുടെ, ഹിമാനികളുടെ സംരക്ഷണത്തിലൂടെ ജല സംരക്ഷണം എന്നതായിരുന്നു സന്ദേശം. 2024 ലെ ജലദിന സന്ദേശം, ജലവും സമാധാനവും എന്നതായിരുന്നു.
നമ്മുടെ മണ്ണിനെ നന്നായി പരിപാലിക്കുന്നതിലൂടെ, മണ്ണിനകത്തെ ജലത്തോത് കൂട്ടാനും, ഭൂഗർഭ ജല നിരക്ക് വർധിപ്പിക്കാനും മണ്ണിൻ്റെ ഫലപുഷ്ടി കൂട്ടി കാർഷികോൽപ്പാദനം വർധിപ്പിച്ച്, കർഷകർക്ക് മികച്ചവിളവും, വരുമാനവും ഉറപ്പാക്കാനും സാധിക്കും.
നല്ല അഥവാ സദ്ഗുണ കാർഷിക മുറകൾ (Good Agricultural practices) വഴി, നമ്മുടെ മണ്ണും, ജലവും, പരിസ്ഥിതിയും, ആരോഗ്യകരമായി സംരക്ഷിക്കാൻ കഴിയും. കൃഷി മേഖലയിലെ അശാസ്‌ത്രീമായ ഭൂവികസനം, ഭൂവിനിയോഗം, അമിത കീടനാശിനി പ്രയോഗം, മണ്ണ് പരിശോധന ഇല്ലാതെ രാസവളങ്ങളുടെ അമിത ഉപയോഗം, എന്നിവക്ക് തടയിടാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം. അമൂല്യമായ പ്രകൃതി വിഭവങ്ങൾ ആയിട്ടുള്ള മണ്ണും, ജലവും, ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്.
മണ്ണാണ് പ്രകൃതിയിലെ ഏറ്റവും വലിയ ജല സംഭരണി അല്ലെങ്കിൽ ജല പത്തായം. മണ്ണ് തന്നെയാണ് ഏറ്റവും വലിയ കാർബൺ സംഭരണിയും. പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം എന്നിവ ചൂഷണം ചെയ്യുന്നതിലൂടെ വനനശീകരണം ഉണ്ടാകും. മണ്ണിൻ്റെ ഫലപുഷ്ടി ശോഷിക്കൽ, മണ്ണൊലിപ്പ് വർധിക്കൽ, മണ്ണ് കട്ടി പിടിച്ചു ചെടികൾക്ക് വേരോട്ടം ലഭ്യമാകാത്ത അവസ്ഥ, മണ്ണിൽ നിന്നും പോഷക ഘടകങ്ങൾ വലിച്ചെടുത്തു ഉപയോഗിക്കാൻ പറ്റാതെ വരിക, നീർത്തടങ്ങൾ വറ്റി വരളുക, മണ്ണ് വിണ്ടുകീറുക, എന്നിവ നിമിത്തം ആ പ്രദേശത്തെ ജലനിരപ്പ് കുറഞ്ഞ്, വരൾച്ചയിലേക്ക് നയിക്കുകയും, അതു കുടിവെള്ള ക്ഷാമത്തിന് കാരണമാകുകയും ചെയ്യും.
ശരിയായ മണ്ണ് സംരക്ഷണത്തിലൂടെ മാത്രമേ ജല സംരക്ഷണവും, ജലസുരക്ഷയും ഉറപ്പാക്കാനാവൂ. മഴ ലഭിക്കുന്ന കാര്യത്തിൽ ഏറെ മുൻപിലാണ് നമ്മുടെ കേരളം. എന്നാൽ എത്ര മഴ ഉണ്ടായിട്ടും, വേനലായാൽ, ജല വറുതിയാണ് മിക്ക സ്ഥലങ്ങളിലും. ഇതിനൊരു സമഗ്ര ചികിത്സ ആവശ്യമാണ്. ലോകമെമ്പാടും, ആഗോള താപനവും, കാലാവസ്ഥ വ്യതിയാനവും നിമിത്തം വലിയ ഭീഷണിയാണ് നേരിട്ട് വരുന്നത്. ഇതിനെല്ലാം ശരിക്കും പരിഹാരം നമ്മുടെ മണ്ണാണ്. മണ്ണിൽ ശ്രദ്ധിച്ചാൽ ജലവും നന്നായി ലഭിക്കും.
കൃഷിയിടങ്ങൾ, തട്ട് തട്ടാക്കി തിരിച്ചു വിളകൾ നടണം. മണ്ണിൻ്റെ രചന, ഘടന, കൃഷിയിടത്തിൻ്റെ ചെരിവ് എന്നിവ ശ്രദ്ധിച്ച് വേണം മണ്ണ് സംരക്ഷിക്കാൻ. വന നശീകരണം, ജലാശയങ്ങൾ, നീർത്തട പ്രദേശങ്ങൾ, എന്നിവ മണ്ണിട്ടു മൂടുക, ജലാശയങ്ങൾ, കനാലുകളെന്നിവ മലിനമാക്കുക, ജലാശയങ്ങളിൽ കൂടി സഞ്ചാരം നടത്താൻ പറ്റാത്ത തരത്തിൽ പായലുകൾ, മാലിന്യങ്ങൾ എന്നിവ നിറഞ്ഞ അവസ്ഥ, (പാർവതി പുത്തനാറും, കനോലി കനാലും ചില ഉദാഹരണങ്ങളാണ്)എന്നിവ നാം നിയന്ത്രിക്കണം. ഹരിത കേരളം, നവകേരളം മിഷൻ വഴി ഒത്തിരി ജലാശയങ്ങൾ പുനരുജീവനം നേടിയിട്ടുമുണ്ട്.
ഗ്രാമതലത്തിൽ ഒരു വാർഡിലുള്ള മിക്കവാറും സ്ഥലങ്ങളെ, കൃഷി യോഗ്യമായവ, കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് യോഗ്യമായവ, എന്നിങ്ങനെ തരം തിരിക്കണം. തരിശിടാതെ ഒരിഞ്ച് മണ്ണ് പോലും പാഴാക്കാതെ കൃഷിയിറക്കാൻ എല്ലാവർക്കും പ്രോത്സാഹനം കൊടുക്കുകയും വേണം.
കൃഷിയിടങ്ങളിലെ മണ്ണിൻ്റെ ഗുണങ്ങൾ, ഗുണദോഷങ്ങൾ, അല്ലെങ്കിൽ പരിമിതികൾ, എന്നിവ കൃത്യമായി തിരിച്ചറിഞ്ഞുള്ള വാർഡ് തല പഞ്ചായത്ത്‌തല കൃഷി ആസൂത്രണം നടത്തണം. കൃഷി ആസൂത്രണത്തിന് സോയിൽ സർവ്വേ റിപ്പോർട്ടുകൾ ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല. ഇതിനു ഓരോ പഞ്ചായത്തിലും ജലസാക്ഷരതയും (water Literacy), ക്ഷോണി /മണ്ണ് സാക്ഷരതയും (Soil Literacy) ഉണ്ടാക്കി എടുക്കണം. ഓരോ പുരയിടവും, കൃഷിയിടങ്ങളും നല്ല ജലസംഭരണികൾ ആക്കി മാറ്റണം. നമ്മുടെ മണ്ണിൽ കൊത്തും കിളയും, ജൈവ വള പ്രയോഗവും, മണ്ണറിഞ്ഞുള്ള വള പ്രയോഗവും ആവശ്യമാണ്.
മണ്ണ് വരണ്ടു കട്ടി ആകാതിരിക്കാൻ, പുതയിടൽ (mulching ) നല്ലതാണ്. മണ്ണ് ഉപയോഗിച്ചുള്ള മണ്ണ് പുത, മണൽ മണ്ണുള്ള ഭാഗങ്ങളിൽ കാണാം. ഇപ്പോൾ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പുത ഇടീൽ പ്രചാരം നേടിയിട്ടുണ്ട്. മഴ വെള്ളം, എല്ലാ കൃഷിയിടങ്ങളിലും പാടങ്ങളിലും സംഭരിക്കണം. മഴ സമയത്തു മണ്ണും വെള്ളവും കുത്തി ഒലിച്ചു പോകുന്നത് തടയാൻ, വിവിധ രീതിയിൽ സംരക്ഷണം നടത്തണം.
“ഓടുന്ന വെള്ളത്തെ സാവധാനം നടക്കാൻ സമ്മതിച്ചാൽ ജലത്തെ നമ്മുടെ മണ്ണിൽ സംഭരിക്കാം. നമ്മുടെ നാട്ടിലെ പുഴകൾ, കനാലുകൾ, കായലുകൾ, കുളങ്ങൾ, വലിയ- ചെറിയ തോടുകൾ, കൊക്കർണികൾ, അമ്പലം-പള്ളി വക കുളങ്ങൾ, പൊതുകിണറുകൾ എന്നിവ ഗ്രാമതലത്തിലും നഗര തലത്തിലും നന്നായി ചെളി നീക്കി വശം കെട്ടി വൃത്തി ആക്കാൻ നോക്കണം. ജലാശയങ്ങൾ ഒരിക്കലും നികത്താൻ പാടില്ല. വീടിന് ചുറ്റുമതിലായി ജൈവ മതിൽ/ജൈവ വേലി (Bio/Phyto Hedge) തീർക്കാം. ഇതിനായി ചെറിയ കുറ്റി മുളകൾ, നാടൻ ചെമ്പരത്തികൾ, തെച്ചി, മയിലാഞ്ചി, കരിനോച്ചി, എന്നീ ചെടികൾ നട്ടാൽ മണ്ണൊലിപ്പ് നിയന്ത്രിക്കാനും, ജലത്തെ പുരയിട മണ്ണിലേക്ക് താഴ്ത്തി വിടാനും സാധിക്കും.
നമ്മുടെ നാട്ടിലെ മിക്കവാറും ജലാശയങ്ങളിൽ, പ്രത്യേകിച്ച് കുട്ടനാടൻ ഭാഗങ്ങളിൽ ആഫ്രിക്കൻ പായൽ മൂടി കിടന്നു ജലാശയ ഗതാഗതത്തിനും മീൻ പിടിത്തത്തിനുമൊക്കെ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. ഇതിനു ജൈവ കീട ഉപാധി വെച്ച് പായലിനെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാം. പായൽ ഉപയോഗിച്ച് ജൈവ വളങ്ങൾ, പേപ്പർ ഉത്പന്നങ്ങൾ, ബാഗുകൾ എന്നിവ നിർമിക്കാൻ സാധിക്കും. കുള വാഴ, മുള്ളൻ പായൽ, ആഫ്രിക്കൻ പായൽ എന്നിവയൊക്കെ നിയന്ത്രിക്കേണ്ടവയാണ്. നമ്മുടെ നാട്ടിലെ കരപ്രദേശങ്ങളിൽ കാണപ്പെടുന്ന വിദേശ അധിനി വേശ കളകളെയും നാം നിയന്ത്രിക്കണം.
കാർഷിക വനവൽക്കരണം, ഹോർട്ടികൾചർ (Horticulture )വിളകളും, കാർഷിക വിളകളും ഒന്നിച്ചു നടുന്ന രീതി, ഇവയെല്ലാം നമ്മുടെ നാടിൻ്റെ നിലനിൽപ്പിനു ഗുണം ചെയ്യും. മഴ വെള്ളത്തെ മണ്ണിൽ ഇറക്കിയുള്ള ജല സംഭരണം, കെട്ടിടങ്ങളിലെ മഴവെള്ളം പൈപ്പ് വഴി ശുദ്ധീകരണ അരിപ്പ വഴി കിണറിൽ എത്തിക്കുന്നത്, എന്നിവയെല്ലാം ജലത്തെ സംഭരിച്ചു നിർത്താൻ സഹായിക്കുന്ന രീതികളാണ്.
കേരളത്തിൽ നവകേരള മിഷനിലൂടെ ജലസംരക്ഷണ രംഗത്ത് നല്ല മുന്നേറ്റം സാധിച്ചിട്ടുണ്ട്. ജല സംരക്ഷണത്തിൽ “കാട്ടാകട മാതൃക,” മറ്റിടങ്ങളിലും നടപ്പിലാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ കുളങ്ങളുടെ സ്വഭാവികത നിലനിർത്തി ചെളി നീക്കി, ആഴം വർധിപ്പിച്ച് ജലസംഭരണ ശേഷി കൂട്ടണം. നീർമറി (water shed)അടിസ്ഥാനത്തിൽ മണ്ണ്, ജല സംരക്ഷണം നടത്താൻ ശ്രദ്ധിക്കണം. പൊതു കുളങ്ങളുടെ സംരക്ഷണത്തിനായി ജനകീയ സമിതിയെ നിയോഗിക്കാം.
സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ ഓരോ വാർഡിലും ഉണ്ടാക്കി, ജലസംരക്ഷണത്തിനും ജലാശയ സംരക്ഷണത്തിനുമായി ഓരോ വാർഡിലും സ്ത്രീകളുടെ ഓരോ സംഘങ്ങളെ നിയോഗിക്കാം. ജലബജറ്റ് എല്ലാ പഞ്ചായത്തിലും നടപ്പിലാക്കണം. അതിനായി നമുക്ക് ആകെ ആവശ്യമായ ജലവും നമുക്ക് മൊത്തത്തിലുള്ള ജലലഭ്യതയും മനസ്സിലാക്കി ഉചിതമായ രീതിയിൽ ആരോഗ്യകരമായ ജല ഉപയോഗം നടപ്പിലാക്കാൻ പറ്റും. ചെക്ക് ഡാം (തടയണ), തോടുകളുടെ പാർശ്വ സംരക്ഷണം, ബ്രഷ് വുഡ് തടയണ, മെസേനറി തടയണ, കൃഷിയിടങ്ങളെ പല തട്ടാക്കി തിരിക്കൽ, (contour terracing ), കിടങ്ങു നിർമിച്ചു വെള്ളം സംഭരണം (Trenching ), അല്ലെങ്കിൽ മണ്ണ് കിടങ്ങുകൾ, കല്ല് കയ്യാല കെട്ടൽ, മഴ കുഴി ഉണ്ടാക്കൽ, മരങ്ങളും, പുല്ലും, രാമച്ചവും (vetiver) വെച്ചു മണ്ണ് ബലപെടുത്തൽ എന്നിവക്ക് പുറമെ, മണ്ണിൽ പയർ വിളകളുടെ കൃഷി, വൃക്ഷ വിളകളുടെ ചുവട്ടിൽ അർദ്ധ വൃത്ത തടം തുറക്കൽ എന്നിവ എല്ലാം മണ്ണ്-ജലം സംരക്ഷണം ഉറപ്പുവരുത്തുന്നതാണ്.
മണൽ മണ്ണ് പരിപാലനത്തിനും, മണ്ണ് ഒലിപ്പ് തടയാനും, മണ്ണ് സംരക്ഷണം കിട്ടുന്നതിനും രാമച്ചം നടുന്നത് ഗുണം ചെയ്യും. ചാവക്കാട് പോലെയുള്ള തീരപ്രദേശങ്ങളിലെ മണ്ണിൽ രാമച്ചകൃഷി ഉണ്ട്. ഇവിടെ രാമച്ചമടിസ്ഥാനമാക്കി, ചെറുകിട വ്യവസായവും ഉണ്ട് . ഇനി ഉള്ള ഓരോ പോരാട്ടവും വെള്ളത്തിനായിരിക്കും എന്ന് വിദഗ്‌ദ്ധർ വ്യക്തമാക്കിയത് ഇപ്പോൾ സത്യമാവുകയാണ്. “കിണറ്റിൽ വെള്ളം വറ്റുന്നത് വരെ നാം വെള്ളത്തിൻ്റെ വില അറിയില്ല” എന്ന് തോമസ് മുള്ളർ പറഞ്ഞത് ഒരു വലിയ സത്യം തന്നെയാണ്. ഇന്നലെ ലോക വനദിനമായിരുന്നു. ഇന്ന് ലോക ജലദിനവും, നാളെ ലോക കാലാവസ്ഥ ദിനവും ആണ്. ഇവ മൂന്നും പരസ്പരം ബന്ധപെട്ടുകിടക്കുന്നവയാണെന്നും മൂന്നും ഒരുപോലെ സംരക്ഷണമാവശ്യമുള്ളതാണെന്നും നാം ഓരോരുത്തരും മറക്കരുത്.





