രവീന്ദ്രനാഥ് ടാഗോറിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1861 മെയ് 7നാണ് ടാഗോർ ജനിച്ചതെങ്കിലും ബംഗാളിൽ ബൈശാഖ മാസത്തിലെ 25ാം തിയതിയാണ് ടാഗോറിൻ്റെ ജനനത്തിയതിയായി ബംഗാൾ ജനത ആഘോഷിക്കുന്നത്.
എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ടാഗോറിനെ അസാധാരണ പ്രതിഭയുള്ള കവി, ചിന്തകൻ, എഴുത്തുകാരൻ, തത്ത്വചിന്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, കലാകാരൻ എന്നിങ്ങനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
മനുഷ്യരാശിയുടെ ആഴമുള്ള വികാരങ്ങൾക്കും ഇന്ത്യൻ സംസ്കാരത്തിൻ്റെ ഉന്നത ആശയങ്ങൾക്കും ടാഗോർ ശബ്ദം നൽകിയെന്നും പുതിയ ചിന്തകളും സൃഷ്ടിപരമായ ഊർജവും നൽകി സമൂഹത്തിന് കരുത്തേകിയെന്നും അദ്ദേഹം പറഞ്ഞു.
ടാഗോറിൻ്റെ ചിന്തകൾ ഇന്നും ജനങ്ങളെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.





