പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 5ന് ഗുജറാത്തിലെ സൂറത്തും ദാമനും സന്ദർശിക്കും. സന്ദർശനത്തിനിടെ ₹21,700 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
സൂറത്തിൽ ഏകദേശം ₹18,800 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. വഡോദര-മുംബൈ എക്സ്പ്രസ് വേയുടെ പ്രധാന പാക്കേജുകൾ രാജ്യത്തിന് സമർപ്പിക്കും. ഇതോടൊപ്പം എൻഎച്ച്-56 നാലുവരിപ്പാതയുടെ വികസനം, 200 കിടക്കകളുള്ള ഇഎസ്ഐസി ആശുപത്രി, വൈദ്യുതി-വ്യവസായ മേഖലയിലെ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്യും.
പുതിയ നാമോ വിമാനത്താവള ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി ദാമനിലെത്തും. പിന്നീട് നമോ ആശുപത്രി രാജ്യത്തിന് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യ, വ്യോമഗതാഗതം, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലായി ₹2,970 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമിടും.
കൂടാതെ, ലക്ഷദ്വീപിലെ തുറമുഖ വികസന പദ്ധതികൾക്കായി ₹885 കോടി രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ദ്വീപുകളുടെ സമുദ്ര ഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇത് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ.




