India International News Politics

സീഷെൽസ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിക്ടോറിയ/ന്യൂഡൽഹി: സീഷെൽ രാജ്യം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം സീഷെല്ലിലെത്തിയത്. സീഷെൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുക്കുന്നത്.

സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരമാണ് ജൂൺ 27 മുതൽ 29 വരെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 50-ാം വാർഷികം കൂടിയാണ് ഇക്കുറി ആഘോഷിക്കുന്നത്.

സന്ദർശനത്തിനിടെ പ്രസിഡൻ്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സമുദ്രസുരക്ഷ, സാമ്പത്തിക സഹകരണം, വികസന പദ്ധതികൾ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന സഹകരണം എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.

സീഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടവും ഈ സന്ദർശനത്തിലൂടെ നരേന്ദ്ര മോദി സ്വന്തമാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ജനാധിപത്യ-പാർലമെൻ്ററി ബന്ധത്തിൻ്റെ പ്രതീകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സീഷെൽസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഈ സന്ദർശനം ഇന്ത്യ-സീഷെൽസ് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സഹകരണം വിപുലപ്പെടുത്തുന്നതിനും സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമായ മേഖലയെന്ന സംയുക്ത കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *