
വിക്ടോറിയ: സീഷെൽസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിക്കൊപ്പം സീഷെൽസ് ദേശീയ ബൊട്ടാണിക്കൽ ഗാർഡനിലെ ഭീമൻ ആമകളുടെ (Giant Tortoise) സംരക്ഷണ കേന്ദ്രം സന്ദർശിച്ചു.
സീഷെൽസിൽ മാത്രം കാണപ്പെടുന്ന ആൾഡബ്ര ഭീമൻ ആമകളെയാണ് (Aldabra Giant Tortoise) ഇരുനേതാക്കളും സന്ദർശിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നതുമായ ആമവർഗങ്ങളിൽ ഒന്നായ ഇവയിൽ ചിലത് 200 വർഷത്തിലേറെ പഴക്കമുള്ളവയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആൾഡബ്ര ഭീമൻ ആമകൾ ഇന്ത്യ-സീഷെൽസ് സൗഹൃദത്തിൻ്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014-ൽ സീഷെൽസ് രണ്ട് ആൾഡബ്ര ഭീമൻ ആമകളെ കൊൽക്കത്തയിലെ അലിപ്പൂർ മൃഗശാലയ്ക്ക് സമ്മാനിച്ചിരുന്നു. തുടർന്ന് ഏതാനും വർഷങ്ങൾക്കുശേഷം ഹൈദരാബാദ് മൃഗശാലയ്ക്കും സീഷെൽസ് കൂടുതൽ ആമകളെ കൈമാറിയിരുന്നു.

ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായാണ് ഈ സന്ദർശനം.




