India News Politics

സീഷെൽസിൻ്റെ പരമോന്നത ബഹുമതി ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി മോദിക്ക്

വിക്ടോറിയ: സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിൻ്റെ പരമോന്നത പ്രസിഡൻഷ്യൽ ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ബ്ലൂ ഇക്കോണമി, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര പരിപാലനം, വികസ്വര രാജ്യങ്ങളുടെ താൽപര്യ സംരക്ഷണം എന്നിവയിൽ നൽകിയ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ ബഹുമതി.

പ്രത്യേക ചടങ്ങിൽ സമ്മാനിച്ച ഈ പുരസ്‌കാരം ആദ്യമായാണ് ഒരാൾക്ക് നൽകുന്നത്. ചെറുദ്വീപ് വികസ്വര രാജ്യങ്ങളുടെ വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമുള്ള പ്രധാനമന്ത്രി മോദിയുടെ ദീർഘകാല പ്രതിബദ്ധതയും ബഹുമതിക്കായി പരിഗണിച്ചു.

ബഹുമതി ഏറ്റുവാങ്ങിയ മോദി സീഷെൽസ് സർക്കാരിനും ജനങ്ങൾക്കും പ്രസിഡൻ്റ് പാട്രിക് ഹെർമിനിക്കും നന്ദി രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിനും പ്രതിജ്ഞാബദ്ധരായ എല്ലാ രാജ്യങ്ങൾക്കും ഈ ബഹുമതി സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകം ഒന്നിച്ചുനിന്ന് നേരിടേണ്ട വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷൻ ലൈഫ് (Mission LiFE), ഇൻ്റർനാഷണൽ സോളാർ അലയൻസ്, കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ (CDRI), ഏക് പേട് മാ കെ നാം, ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് തുടങ്ങിയ സംരംഭങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഇന്ത്യ നൽകുന്ന പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 50-ാം വാർഷികാഘോഷങ്ങൾക്കിടെയാണ് ഈ ബഹുമതി ലഭിച്ചതെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശേഷിവികസനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയിൽ വിശ്വസ്ത പങ്കാളിയെന്ന നിലയിൽ ഇന്ത്യ വഹിക്കുന്ന പങ്കിനുള്ള സീഷെൽസിൻ്റെ അംഗീകാരമാണ് ഈ ബഹുമതിയെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *