Health India Kerala News

രാസമാലിന്യം നിറഞ്ഞ് എറിയാട് ഗ്രാമം; നീക്കാൻ രണ്ടു കോടി വേണം

എറിയാട് പഞ്ചായത്തിലെ തണ്ണീർത്തടങ്ങളും തോടുകളും ഭൂമികളും നികത്താൻ ഉപയോഗിച്ച രാസമാലിന്യം കലർന്ന മണൽ നീക്കം ചെയ്യുന്നത് പഞ്ചായത്തിൻ്റെ ചുമലിലിട്ട് ജില്ലാ ഭരണകൂടം. മാലിന്യം കലർന്ന മണ്ണ് മാറ്റാനായി രണ്ടുകോടി രൂപയോളം ആവശ്യമാണ്. ഇതു കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ പറഞ്ഞു.

രണ്ടു വാർഡിലെ മാലിന്യം നീക്കാൻ 45 ലക്ഷം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

മാലിന്യം പഞ്ചായത്ത് നീക്കി ഇതിന് ചെലവാകുന്ന തുക ഭൂവുടമകളിൽനിന്ന് ഈടാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും ഭൂവുടമകളിൽനിന്ന് പണം ഈടാക്കാൻ റവന്യൂ വിഭാഗത്തിന്റെ സഹായം വേണം. ഇക്കാര്യത്തിൽ റവന്യുവകുപ്പ് ഒന്നും ചെയ്യാത്തത് ജനങ്ങളെ കൂടുതൽ കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

പഞ്ചായത്തിലെ ഏക്കർക്കണക്കിന് ഭൂമി നികത്താനുപയോഗിച്ച മണ്ണിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സിങ്ക്, ലെഡ്, കാഡ്‌മിയം, മാംഗനീസ്, കോ ബോൾട്ട്, കോപ്പർ, ആഴ്‌സനിക്, മെർക്കുറി, ക്രോമിയം എന്നിവ അപകടകരമായ അളവിലടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മേയ് മുതലാണ് ആറുവരിപ്പാത നിർമാണത്തിന്റെ മറവിലും ഭൂമി നികത്താൻ ഹൈക്കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് എറണാകുളം ജില്ലയിലെ ഇടയാറിലെ പ്രവർത്തനം നിലച്ച ഒരു കെമിക്കൽ ഫാക്ടറിയിലെ മണൽ ഭൂമി നികത്താൻ ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *