കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള വർദ്ധനവ്. ഒരു കാലത്ത് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം, ഇന്ന് ‘ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനം’ എന്ന വിശേഷണത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. വ്യതിയാനം സംഭവിച്ച ആഹാരരീതികളും അനിയന്ത്രിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. നാവിലെ താൽക്കാലിക രുചിക്കൂട്ടുകൾക്ക് പിന്നാലെ പായുമ്പോൾ സ്വന്തം ആരോഗ്യത്തെയും ജീവനെയും ബലിനൽകുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം മാറിപ്പൊയ്ക്കൊണ്ടിരിക്കുന്നു.കേരളീയരുടെ പരമ്പരാഗത ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ആഹാരങ്ങൾ, നാടൻ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കായിരുന്നു മുൻഗണന. എന്നാൽ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനവും തിരക്കുപിടിച്ച ആധുനിക ജീവിതശൈലിയും കാരണം പച്ചക്കറികളും നാടൻ ഭക്ഷണങ്ങളും പ്ലേറ്റുകളിൽ നിന്ന് അപ്രത്യക്ഷമായി. പകരം പ്രോസസ്സ് ചെയ്തതും അമിതമായി എണ്ണയിൽ പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ സ്ഥാനം പിടിച്ചു. നാരുകൾ കുറഞ്ഞതും കൊഴുപ്പും പഞ്ചസാരയും ഉപ്പും അമിതമായി അടങ്ങിയതുമായ ഇത്തരം ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.
വഴിയോരക്കടകളിലും തട്ടുകടകളിലും പ്രമുഖ ഫുഡ് ജോയിന്റുകളിലും വിൽക്കപ്പെടുന്ന ഭക്ഷണ സാധനങ്ങളുടെ നിർമ്മാണ രീതി പലപ്പോഴും അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. വൃത്തിഹീനമായ സാഹചര്യത്തിൽ കഴുകാതെ ഉപയോഗിക്കുന്ന പച്ചക്കറികളിലും മാംസത്തിലും രോഗാണുക്കളും വിഷമയമായ കീടനാശിനി അവശിഷ്ടങ്ങളും വലിയ അളവിൽ അടങ്ങിയിരിക്കുന്നു. അഴുക്കുവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും ശരീരത്തിലെത്തുന്ന ഹെലികോബാക്ടർ പൈലോറി (H. pylori) എന്ന ബാക്ടീരിയ വയറ്റിൽ അൾസറിനും തുടർന്ന് ആമാശയ ക്യാൻസറിനും കാരണമാകുന്നു. ഇതിനുപുറമേ, കടകളിൽ ഒരേ എണ്ണ തന്നെ വീണ്ടും വീണ്ടും തിളപ്പിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ട്രാന്സ് ഫാറ്റുകളും ഫ്രീ റാഡിക്കലുകളും കോശങ്ങൾക്ക് നാശം വരുത്തുകയും അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇന്നത്തെ ചെറുപ്പക്കാരിലും കുട്ടികളിലും ചിക്കൻ ഫ്രൈ, അൽഫാം, ഷവായ്, ഗ്രിൽഡ് വിഭവങ്ങൾ എന്നിവയോടുള്ള പ്രിയം വളരെ കൂടുതലാണ്. എന്നാൽ ഇവ പാകം ചെയ്യുന്ന രീതിയാണ് ക്യാൻസർ സാധ്യത ഇരട്ടിയാക്കുന്നത്. മാംസം നേരിട്ട് കനലിൽ ചുട്ടെടുക്കുമ്പോഴും ഉയർന്ന ചൂടിൽ ഗ്രിൽ ചെയ്യുമ്പോഴും ഉണ്ടാകുന്ന കരിഞ്ഞ ഭാഗങ്ങളിൽ (കാർബൺ) ഹെറ്ററോസൈക്ലിക് അമൈനുകളും (HCAs) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) രൂപപ്പെടുന്നു. ഇവ മനുഷ്യന്റെ ഡി.എൻ.എ ഘടനയിൽ മാറ്റങ്ങൾ വരുത്താനും കുടൽ, ആമാശയം എന്നിവയിൽ ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകാനും പ്രാപ്തിയുള്ള കാർസിനോജനുകളാണ്.ഭക്ഷണത്തിന് ആകർഷകമായ നിറവും ദീർഘനാൾ കേടുകൂടാതെ ഇരിക്കാനുള്ള ശേഷിയും നൽകുന്നതിനായി ചേർക്കുന്ന രാസവസ്തുക്കൾ ദഹനവ്യവസ്ഥയെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. റോഡമൈൻ ബി, ടാർട്രസിൻ തുടങ്ങിയ അപകടകാരികളായ കൃത്രിമ നിറങ്ങളും, രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റും (MSG) ദീർഘകാലാടിസ്ഥാനത്തിൽ ആമാശയത്തിന്റെയും കുടലിന്റെയും ആന്തരിക ഭിത്തികളെ നശിപ്പിക്കുന്നു. മരവിപ്പിച്ചു വെക്കുന്ന മാംസങ്ങൾ കേടാകാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവുകൾ ശരീരത്തിനുള്ളിൽ വെച്ച് അർബുദത്തിന് കാരണമാകുന്ന രാസസംയുക്തങ്ങളായി മാറുന്നു.ഈ മഹാമാരിയിൽ നിന്നും നമ്മുടെ തലമുറയെ രക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. വീട്ടിൽ തയ്യാറാക്കുന്ന പോഷകസമ്പന്നമായ നാടൻ ഭക്ഷണരീതിയിലേക്ക് മടങ്ങുക, ദിവസേനയുള്ള ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക, വറുത്തതും കരിഞ്ഞതുമായ മാംസവിഭവങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. നമ്മുടെ നാവിന്റെ താൽക്കാലിക രുചിയേക്കാൾ പ്രധാനം സ്വന്തം ആരോഗ്യമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ ക്യാൻസർ എന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ സാധിക്കൂ.





