Kerala News Politics

കെഎസ്‌യുവിന്റെ സമരാഭാസം അവസാനിപ്പിക്കണം; പ്രകോപനവുമായി ബിജെപി ഓഫീസിലേക്ക് വന്നാൽ ശക്തമായ പ്രതിരോധം: ജസ്റ്റിൻ ജേക്കബ്

തൃശൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ കെഎസ്‌യു നടത്തുന്ന ഇത്തരം സമരാഭാസങ്ങളും പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു, ഭാരതീയ ജനതാ പാർട്ടിയുടെ ഓഫീസിനെ വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ നടത്താനുള്ള വേദിയായി കാണേണ്ടതില്ല.

കേവലം മാധ്യമശ്രദ്ധ നേടാനും കെഎസ്‌യുവിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് തെളിയിക്കാനുമാണ് ഇത്തരം പൊറാട്ട് നാടകങ്ങളെങ്കിൽ, അതിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബിജെപി അനുവദിക്കില്ല.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കോൺഗ്രസ് നേതൃത്വം അടിയന്തരമായി നിയന്ത്രിക്കണം.

സഹഭാരവാഹികളോടും പ്രവർത്തകരോടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾ നേരിടുന്ന ഒരാൾ മറ്റുള്ളവർക്ക് രാഷ്ട്രീയ മര്യാദ പഠിപ്പിക്കുന്നത് പരിഹാസ്യമാണ്.

ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ നിയന്ത്രിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ബിജെപി ഓഫീസുകൾക്ക് നേരെയോ ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ടോ വീണ്ടും പ്രകോപനപരമായ നീക്കങ്ങളുമായി വന്നാൽ നിയമപരവും ജനാധിപത്യപരവുമായ ശക്തമായ പ്രതിരോധം ബിജെപി നടത്തും.

ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് വലിച്ചിഴക്കാമെന്ന വ്യാമോഹം കെഎസ്‌യു ഉപേക്ഷിക്കണം. തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ കെഎസ്‌യു നേതൃത്വം തയ്യാറാകരുത്. തൃശൂരിൽ സമാധാനം നിലനിർത്തുന്നതിനാണ് ബിജെപി ആഗ്രഹിക്കുന്നത്.

എന്നാൽ സമാധാനം ദൗർബല്യമായി കണ്ട് ബിജെപി ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെ നടത്തുന്ന ഏതൊരു പ്രകോപനത്തിനും ശക്തമായ രാഷ്ട്രീയ മറുപടി നൽകാൻ ബിജെപി ജില്ലാ കമ്മിറ്റി തയ്യാറാണ്.കെഎസ്‌യുവിന്റെ ഗുണ്ടായിസത്തിന് കോൺഗ്രസ് നേതൃത്വം കടിഞ്ഞാണിടണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വത്തിനായിരിക്കുമെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *