India International Kerala Medical News Politics

നേപ്പാൾ പ്രളയം മരണം 1,243 ആയി; കാലാവസ്ഥാ വ്യതിയാനം കാരണം: പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,243 ആയി ഉയർന്നു. ഭോട്ടെകോശി നദിയുടെ തീരത്തെ തുരങ്കങ്ങളിലും ഭൂഗർഭ വൈദ്യുത നിലയങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

ദുരന്തത്തിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്നും വിഷയം അന്താരാഷ്ട്ര തലത്തിൽ ശക്തമായി തന്നെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ആവശ്യപ്പെട്ടു. കാലാവാസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര സാഹചര്യങ്ങൾ വർധിക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം പ്രളയമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയും മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു.

നേപ്പാൾ പൊലീസിൻ്റെ കണക്കുകൾ പ്രകാരം പ്രളയം ബാധിച്ച എട്ട് ജില്ലകളിൽനിന്നായി 4,875 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. നിരവധി വീടുകളും അടിസ്ഥാന സൗകര്യങ്ങളും പ്രളയത്തിൽ തകർന്നു.

കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകൾ കുറയുന്നതിനിടെ, ചില പ്രദേശങ്ങളിൽ കുടുംബങ്ങൾ കാണാതായവർക്കായി പ്രതീകാത്മക അന്ത്യകർമങ്ങളും നടത്തി.

ഹിമാലയൻ മേഖലയിൽ അതിതീവ്ര കാലാവസ്ഥാ വ്യതിയാന സംഭവങ്ങൾ ഉയർത്തുന്ന ഭീഷണിയും ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും പ്രളയം വീണ്ടും മുന്നിലെത്തിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *