ന്യൂഡൽഹി: 10,021 കോടി രൂപ ചെലവിൽ അഞ്ച് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് പുതിയ പദ്ധതികൾക്ക് പച്ചക്കൊടി കാണിച്ചത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്.
അരക്കോണം–റേനിഗുണ്ട മൂന്ന്, നാല് പാത (77 കി.മീ.), വൈറ്റ്ഫീൽഡ്–ബംഗാരപേട്ട് മൂന്ന്, നാല് പാത (47 കി.മീ.), ഹോസൂർ–ഒമലൂർ ഇരട്ടിപ്പിക്കൽ (147 കി.മീ.), സേലം–കരൂർ–ദിണ്ടിഗൽ ഇരട്ടിപ്പിക്കൽ (159 കി.മീ.), സെക്കന്തരാബാദ്–കാസിപേട്ട് മൾട്ടിട്രാക്കിങ് (110 കി.മീ.) എന്നിവയാണ് പദ്ധതികൾ.
പദ്ധതികൾ പൂർത്തിയാകുന്നതോടെ റെയിൽവേ ശൃംഖലയിൽ ഏകദേശം 540 കിലോമീറ്റർ വർധനയുണ്ടാകും. ഇതോടെ 2,121 ഗ്രാമങ്ങളിലെ 52 ലക്ഷം ആളുകൾക്ക് മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റി ലഭിക്കും.
റെയിൽ ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം സുഗമമാക്കാനും പദ്ധതികൾ സഹായിക്കും. പ്രതിവർഷം 4.7 കോടി ടൺ അധിക ചരക്ക് ഗതാഗത ശേഷി ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു. ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ പുറന്തള്ളൽ എന്നിവ കുറയ്ക്കാനും പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





