India Kerala News Politics

പാറളത്തെ ബിജെപി ഭരണം അട്ടിമറിച്ചത് എൽ ഡി എഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്: ബിജെപി

തൃശ്ശൂർ: കോൺഗ്രസ്, സി.പി.എം, സി.പി.ഐ കക്ഷികൾ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ പാറളം പഞ്ചായത്തിലെ ബിജെപി ഭരണത്തെ അട്ടിമറിച്ചത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്ന് ബിജെപി. രണ്ടാഴ്ച്ചയ്ക്കിടെ കേരളത്തിൽ ബിജെപി ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളിലാണ് ഈ അവിശുദ്ധ സഖ്യം ഭരണം അട്ടിമറിച്ചത്. നാരങ്ങാനം, ചേന്നം പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ നടന്നതിന് സമാനമായി പാറളത്തും സിപിഎം മെമ്പർമാർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ വോട്ട് ചെയ്തിരിക്കുകയാണ്. ദേശീയ തലത്തിലെ ഇൻഡി സഖ്യം കേരളത്തിലും ശക്തമാവുന്നതായും ബിജെപി നേതൃത്വം ആരോപിച്ചു.

ഇരു മുന്നണികളും ഒന്നാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് തിരിച്ചറിയാൻ പാറളത്തെ ഭരണ അട്ടിമറിയിലൂടെ സാധിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായും കൂടുതൽ സീറ്റുകളുമായാണ് ബിജെപി പാറളത്ത് അധികാരത്തിലെത്തിയത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരായ ജനവിധിയായിരുന്നു ഇത്. എന്നാൽ കോൺഗ്രസും സിപിഎമ്മും സിപിഐയും ഒന്നിച്ചുചേർന്ന് ജനവിധിയെ അട്ടിമറിച്ചിരിക്കുകയാണ്.

ബിജെപി ഭരണസമിതിക്കെതിരെ അഴിമതിയോ ഭരണവീഴ്ചയോ സംബന്ധിച്ച ഒരു ആരോപണം പോലും ഉന്നയിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. തൃശൂർ എംപി സുരേഷ് ഗോപിയുടെ ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കുള്ള കളിക്കാനുള്ള ഗ്രൗണ്ട്, പഞ്ചായത്ത് കെട്ടിടം, റോഡുകൾ, അംഗൻവാടികൾ തുടങ്ങിയ പദ്ധതികളും പുരോഗമിക്കുകയായിരുന്നു.

അധികാരത്തിനുവേണ്ടി കോൺഗ്രസും എൽഡിഎഫും രാഷ്ട്രീയ മര്യാദകൾ ഉപേക്ഷിച്ചിരിക്കുകയാണെന്ന് അനീഷ് കുമാർ ആരോപിച്ചു. ഡൽഹിയിൽ ഇന്ത്യാ മുന്നണി എന്ന പേരിലുള്ള കൂട്ടുകെട്ട് കേരളത്തിലും നടപ്പാക്കുകയാണെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇതിന് വിശദീകരണം നൽകണം. അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയായി ഒന്നിച്ച് ബിജെപിയെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയങ്ങൾക്ക് എൽഡിഎഫ് പിന്തുണ നൽകുന്ന സാഹചര്യം ആവർത്തിക്കുകയാണെന്നും പാറളത്തും അതുതന്നെയാണ് സംഭവിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു. ജനങ്ങൾ നൽകിയ വോട്ടിന്റെ വിലപോലും കണക്കിലെടുക്കാതെ അധികാരക്കസേരയ്ക്കായി നടത്തുന്ന ഇത്തരം രാഷ്ട്രീയ കച്ചവടങ്ങൾക്കെതിരെ പാറളത്തെ ജനങ്ങൾ ശക്തമായി പ്രതികരിക്കും. ജനവിധിയെ അട്ടിമറിച്ച കോൺഗ്രസ്–എൽഡിഎഫ് കൂട്ടുകെട്ടിന്റെ യഥാർഥ മുഖം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും. പാറളത്തെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും. ജനവിധിയെ അട്ടിമറിച്ചവർക്കുള്ള മറുപടി ജനങ്ങൾ തന്നെ നൽകുന്ന സാഹചര്യം ഉണ്ടാകുമെന്നും അനീഷ് കുമാർ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് സൗമ്യ സലേഷ്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *