Court Entertainment India Kerala Law News

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വിറ്റു, ചോദിച്ചപ്പോൾ മറുപടി ‘ന്നാ പോയി കേസ് കൊട്’, വീട്ടമ്മക്ക് 15000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടം നൽകാൻ വിധി. തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തിരൂരുള്ള റോസ് മരിയ ഫാൻസി ഉടമക്കെതിരെ വിധിയായത്.

ഹർജിക്കാരി 175 രൂപ നൽകി, യാർഡ്ലി ലണ്ടൻ ഇംഗ്ലീഷ് ബ്ളോസ്സം എന്ന ഉല്പന്നം വാങ്ങി. 2023 മാർച്ച് 19ന് വാങ്ങിയ ഉല്പന്നത്തിൻ്റെ കാലപരിധി 2022 ഡിസംബർ 12ന് തീർന്നതായിരുന്നു. പരാതിപ്പെട്ടപ്പോൾ വേണമെങ്കിൽ പോയി കേസ് കൊടുക്ക് എന്ന മോശമായ മറുപടിയാണ് ലഭിച്ചത്. തന്നെയുമല്ല എതിർകക്ഷി സ്ഥാപനം നൽകിയ ബിൽ മാഞ്ഞു പോകുന്ന അവസ്ഥയിലുമായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബൂ, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് വിലയിരുത്തി ഹർജിക്കാരിക്ക് ഉല്പന്നത്തിൻ്റെ വില 175 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും വ്യക്തതയുള്ളതും മാഞ്ഞു പോകാത്തതുമായ ബിൽ നൽകണമെന്നും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *