തൃശ്ശൂർ: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ആറു വർഷക്കാലത്തെ പാർട്ടി പ്രവർത്തനത്തിനായി താൻ വ്യക്തിപരമായി പണം സമാഹരിച്ചിട്ടില്ലെന്നും ആ കാലയളവിലെ വരവ്-ചെലവ് കണക്കുകളും വിവരങ്ങളും കൃത്യമായി പാർട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും എംഎൽഎയുമായ വി. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല. ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്. സംസ്ഥാന അധ്യക്ഷന്റെ പേര് പറഞ്ഞ് ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച് അന്വേഷണം നടത്താം. താൻ വ്യക്തിപരമായ ആവശ്യത്തിനായി പണം വാങ്ങിയെന്ന സംശയമുണ്ടെങ്കിൽ തന്റെ കണക്കുകൾ മുഴുവൻ പരിശോധിക്കാവുന്നതാണെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും വി. മുരളീധരൻ പറഞ്ഞു.
2009ലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്നുമുതൽ ഓരോ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ള സ്വത്ത് വിവരങ്ങളും വരുമാന വിവരങ്ങളും പരിശോധിക്കാം. നെഹ്റു യുവകേന്ദ്രയിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ ഓരോ വർഷത്തെയും വരുമാനവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ തന്റെ കൈവശമുണ്ട്. വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴും ഓരോ ഘട്ടത്തിലും ആവശ്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 2012ന് ശേഷം ഒരു തുണ്ട് ഭൂമിയോ സ്വർണമോ താൻ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുവേണ്ടി ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടാകാം. സംസ്ഥാന അധ്യക്ഷന്റെ പേര് പറഞ്ഞും പണം വാങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ സംശയമുണ്ടെങ്കിൽ ഏത് അന്വേഷണവും നടത്താം. എന്നാൽ അന്വേഷണം എല്ലാവർക്കും ഒരേ മാനദണ്ഡത്തിൽ ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തിലും വി. മുരളീധരൻ പ്രതികരിച്ചു. CMRLൽനിന്ന് വീണ വിജയന്റെ കമ്പനിക്ക് പണം ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നിട്ടുണ്ടെന്നും, അതിന് നൽകിയ സേവനം എന്താണെന്ന് വീണ വിജയന് ഇതുവരെ വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞത്. ഇടപാടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ തുടർനടപടികളാണ് സ്വീകരിക്കേണ്ടത്. പ്രാഥമിക അന്വേഷണം എന്ന പേരിൽ നടപടി നീട്ടുന്നത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണം. സംസ്ഥാന സർക്കാരും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് ഇപ്പോഴത്തെ നിലപാടുകൾ സ്വീകരിക്കുന്നതെന്നുമാണ് വി. മുരളീധരന്റെ ആരോപണം.രമേശ് ചെന്നിത്തലയും വി.ഡി. സതീശനും സ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ലെന്നും, ആദ്യം അവർ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. വിമാനം ഏർപ്പെടുത്തിയ സുഹൃത്തിന്റെ പേര് വെളിപ്പെടുത്തുന്നതിൽ എന്താണ് മടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ സംവിധാനങ്ങളിലെ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ സൗകര്യങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നും വ്യക്തമാക്കണം. മുഖ്യമന്ത്രി എന്തിനാണ് ഇക്കാര്യത്തിൽ പേര് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയനെതിരായ അന്വേഷണത്തിൽ FIR രജിസ്റ്റർ ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. FIR രജിസ്റ്റർ ചെയ്യാതെ തെളിവില്ലെന്ന് പറയുന്നത് ചിലരെ സംരക്ഷിക്കാനുള്ള നടപടിയായി മാറരുതെന്നും വി. മുരളീധരൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും സമാനമായ രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നും ഇപ്പോൾ മാസപ്പടി വിഷയത്തിലും ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും വി. മുരളീധരൻ പറഞ്ഞു.
ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ജില്ലാ സെക്രട്ടറി റോഷൻ എൻ.ആർ. എന്നിവർ വി. മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.





