കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും :- ബിജെപി
തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിൻകരയിൽ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. കോൺഗ്രസ് ഗുണ്ടകൾക്ക് ശക്തമായ മറുപടി നൽകും. നാളെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു.
പ്രതിഷേധത്തിന്റെ പേരിൽ അക്രമവും കയ്യാങ്കളിയും നടത്താനുള്ള കോൺഗ്രസ് ശ്രമം അവസാനിപ്പിക്കണം. ആക്രമണത്തിന്റെ പാതയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് ബിജെപി എന്ന് കോൺഗ്രസ് മറക്കരുത്. പി കെ കൃഷ്ണദാസിനെതിരായ അക്രമ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങളെ ബിജെപി എപ്പോഴും സ്വാഗതം ചെയ്യും. എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ അതിക്രമത്തിലേക്ക് കടന്നാൽ അതിനെ നിയമപരമായി നേരിടുന്നതിനൊപ്പം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങളിലൂടെ മറുപടി നൽകാൻ ബിജെപിക്ക് മടിയില്ല. ബിജെപി പ്രവർത്തകരെയും നേതാക്കളെയും ആക്രമിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന് കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതേണ്ടതില്ല.
150 ദിവസം പിന്നിട്ട സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയവും ഇടതുവലത് ഒത്തുകളി രാഷ്ട്രീയവും മറച്ചുവെക്കാൻ ബിജെപി നേതാക്കളെ ആക്രമിച്ച് ജനശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല. രാഷ്ട്രീയ എതിരാളികൾക്കെതിരെ അക്രമം നടത്താതെ ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ നിയന്ത്രിക്കണം. അക്രമ രാഷ്ട്രീയം തുടർന്നാൽ അതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി.
പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.




