ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ 150ഓളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകൾ എത്തുന്നത് നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
സി.ജെ.പിയുടെ പ്രതിഷേധത്തിന് മുന്നോടിയായി മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്തെ 15 പൊലീസ് ജില്ലകളിലായി ക്രിമിനൽ പശ്ചാത്തലമുള്ള 600ലധികം പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനും പ്രതിഷേധ വേദിയിലേക്കുള്ള ജനങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനുമായി വിവിധയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.





