Culture Kerala News

നാട്ടാനകളുടെ ലഭ്യതക്കുറവ് പരിഹരിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് രാജൻ പല്ലൻ എം എൽ എ

നാട്ടാനകളുടെ ലഭ്യതക്കുറവ് പരിഹരിച്ച് തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള പൂരാഘോഷങ്ങളും ക്ഷേത്രാചാരങ്ങളും തടസ്സമില്ലാതെ നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജൻ പല്ലൻ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

“കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും മതസൗഹാർദത്തിന്റെയും ജനകീയ ആഘോഷങ്ങളുടെയും പ്രതീകമാണ് നമ്മുടെ പൂരാഘോഷങ്ങൾ. തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രസിദ്ധമായ പൂരങ്ങൾ ആനകളുടെ സാന്നിധ്യവും എഴുന്നള്ളിപ്പുകളും കൊണ്ട് ലോകശ്രദ്ധ നേടിയിട്ടുള്ളവയാണ്. ഇവ കേവലം ക്ഷേത്രാഘോഷങ്ങൾ മാത്രമല്ല; കേരളത്തിന്റെ ടൂറിസത്തിനും വ്യാപാരമേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സംഭാവന നൽകുന്ന സാംസ്കാരിക ഉത്സവങ്ങൾ കൂടിയാണ്. എന്നാൽ ഇന്ന് സംസ്ഥാനത്ത് നാട്ടാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഒരുകാലത്ത് ആയിരത്തിലധികം നാട്ടാനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് മുന്നൂറോളം ആനകൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന കണക്ക് ഈ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഈ കുറവ് തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള പ്രധാന പൂരങ്ങളുടെ നടത്തിപ്പിനെയും വിവിധ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.”

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യമായ നിയമാനുസൃത അനുമതികൾ ലഭ്യമാക്കുന്നതിനും നിലവിലുള്ള കേന്ദ്രനിയമങ്ങളുടെയും ചട്ടങ്ങളുടെയും ഉദ്യോഗസ്ഥ വ്യാഖ്യാനങ്ങളുടെ ഭാഗമായി തടസ്സങ്ങൾ നേരിടുന്നതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, നിയമം അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് പ്രായോഗികമായ പരിഹാരം കണ്ടെത്തുന്നതിനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

ആനകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. അതോടൊപ്പം, നിയമപരമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് കേരളത്തിന്റെ പാരമ്പര്യ ആഘോഷങ്ങൾ സംരക്ഷിക്കാനും കഴിയണം. ആനകളുടെ യാത്ര, ആരോഗ്യപരിശോധന, വെറ്ററിനറി സർട്ടിഫിക്കറ്റ്, ക്വാറന്റൈൻ ഉൾപ്പെടെ ബാധകമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള വ്യക്തമായ നടപടിക്രമം രൂപീകരിക്കണം.

അതിനാൽ, ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി കേന്ദ്രസർക്കാരുമായി ചർച്ച നടത്തണമെന്നും, നിലവിലുള്ള നിയമതടസ്സങ്ങൾ പരിശോധിച്ച് നിയമാനുസൃതമായ പരിഹാരം കണ്ടെത്തണമെന്നും, ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി നടപടികൾ ലളിതവും സമയബന്ധിതവുമാക്കണമെന്നും സഭയിൽ ആവശ്യപ്പെട്ടു. സമീപ സംസ്ഥാനമായ തമിഴ്നാട് തൊട്ടടുത്ത ദിവസങ്ങളിൽ ആന്ധ്രപ്രദേശിൽ നിന്നും 5 നാട്ടാനകളെ കൊണ്ടുവന്ന വിവരവും രാജൻ പല്ലൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിയും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം ആനകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന ശാശ്വതമായ പരിഹാരം സർക്കാർ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *