ന്യൂഡൽഹി: ഗോത്രവർഗ സ്വാതന്ത്ര്യസമര പോരാളി ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനജാതീയ ഗൗരവ് ദിവസ് ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം ആശംസകളും നേർന്നു.
ബിർസ മുണ്ടയുടെ ധീരതയും പോരാട്ടവീര്യവും ത്യാഗവും ഓരോ തലമുറയെയും ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി പോരാടാൻ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ധർത്തി ആബ’ എന്നറിയപ്പെടുന്ന ബിർസ മുണ്ടയുടെ ജീവിതം രാജ്യത്തിന് എന്നും പ്രചോദനമാണെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും അവരുടെ അന്തസ്സും അവസരങ്ങളും സമൃദ്ധിയും ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രനിർമാണത്തിൽ ഗോത്രസമൂഹം നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ എല്ലാവരും ഒരുമിച്ച് ആദരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.





