Court India Kerala Law News

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

കൊച്ചി: ജുവനൈൽ കേസുകളിൽ കുറ്റക്കാരായി കണ്ടെത്തുന്നവരുടെ പ്രായപരിധി നിലവിലെ 18ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് കാര്യമായ പക്വത കൈവരിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളെ ഗൗരവത്തോടെ കാണണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.

കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി പ്രായം മാറുന്ന സാഹചര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്.

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തെ കുറിച്ചും കോടതി പരാമർശിച്ചു. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ബാറുകളിലും മറ്റ് മദ്യവിൽപ്പന കേന്ദ്രങ്ങളിലും ഈ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

നിയമത്തിൽ നിരോധനം നിലനിൽക്കുമ്പോഴും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *