മലപ്പുറം: ട്രെയിൻ യാത്രക്കിടെ ഒരു യാത്രക്കാരിയില് നിന്ന് അധിക പിഴ ഈടാക്കിയതിനെ തുടര്‍ന്ന്, റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷൻ വിധി. മുള്ളമ്പാറ സ്വദേശിനി കാടന്തൊടി ഹിതയുടെ പരാതിയിലാണ് വിധി വന്നത്.
നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തിൽ നിന്നും കയറുകയായിരുന്ന ഹിതയുടെ പക്കൽ അങ്ങാടിപ്പുറം മുതൽ തത്കാൽ ടിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും, ടിടിഇ ഇവരിൽ നിന്ന് 250 രൂപ പിഴയും 145 രൂപ ടിക്കറ്റ് തുകയും കൂടാതെ അമിതമായി 145 രൂപ കൂടി ഈടാക്കി. യാത്രക്കിടെ കാര്യം ബോധിപ്പിച്ചിട്ടും റെയിൽവേ അധിക പിഴ ചുമത്തിയെന്ന് കണ്ടെത്തി.
ഉപഭോക്തൃ കമ്മീഷൻ 10,000 രൂപ നഷ്ടപരിഹാരവും, 5000 രൂപ നിയമ ചെലവും, ആകെ 145 രൂപ അമിതമായി ഈടാക്കിയ തുകയും ഒരു മാസത്തിനകം തിരികെ നൽകണമെന്നും, വീഴ്ച വരുത്തിയാൽ 12 ശതമാനം പലിശ അടയ്ക്കണമെന്നു വിധിച്ചു.





