വയനാട്: യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ ആദ്യ ദിനം വയനാട് ആവേശത്തില്‍ മുങ്ങി. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ വമ്പന്‍ റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രിയങ്കയുടെ പ്രചാരണത്തിന് ശക്തിപ്രകടനമാക്കാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം പ്രമുഖ നേതാക്കള്‍ വയനാട്ടില്‍ എത്തിയിരുന്നു.
കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സീ. വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരായ നേതാക്കളും പങ്കാളികളായി. ചടങ്ങിന് ശേഷം പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രചാരണത്തിന്റെ ആവേശം കൂട്ടി.
ആദ്യ പ്രചാരണത്തിനായി പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ വയനാട്ടിലെ ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നിന്നെത്തിയിരുന്നു. ബാന്റും മേളവുമെല്ലാമായി പ്രിയങ്കയുടെ നാമനിര്‍ദേശ സമര്‍പ്പണം ആഘോഷമായി മാറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുങ്ങി. നവംബര്‍ 13-നാണ് വയനാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്.