Kerala News

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണം :ഹൈക്കോടതി

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് പരിഗണിച്ചത്.

നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണത്തിന്റെ കേസ് ഡയറിയും ഫയലുകളും ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയാനായി ഹർജിയിൽ ആവശ്യപ്പെട്ട ഇടക്കാല സ്റ്റേ കോടതി അംഗീകരിച്ചില്ല. അന്തിമ റിപ്പോർട്ട് സമർപ്പിച്ചാലും, തുടർനടപടിയെടുക്കാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയാണെന്ന പോലീസ് നിഗമനം, കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഭാര്യ ഹർജിയിൽ ഉന്നയിച്ചിരുന്നു. അന്വേഷണത്തിലെ പാളിച്ചകളും പ്രതിയായ പിപി ദിവ്യയുടെ രാഷ്ട്രീയ സ്വാധീനവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം ആറിനകം കേസ് ഡയറി സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. കേസിൽ സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *