നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂർണ്ണ നഗര നയ റിപ്പോർട്ട് അടുത്ത വർഷം മാർച്ചിൽ സർക്കാരിന് സമർപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ നഗര നയ കമ്മീഷൻ ചെയർമാൻ ഡോ. എം സതീഷ് കുമാറാണ് കരട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയത്. കമ്മീഷനംഗങ്ങളായ ഡോ. ഇ നാരായണൻ, അഡ്വ. എം അനിൽ കുമാർ, ഡോ. ഷർമ്മിളാ മേരി ജോസഫ്, ഡോ. വി വൈ എൻ കൃഷ്ണമൂർത്തി, വി സുരേഷ്, ഡോ. കെ എസ് ജെയിംസ്, ഹിതേഷ് വൈദ്യ, ടിക്കന്തർ സിംഗ് പൻവാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് സമഗ്രമായ നഗരനയം അനിവാര്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രപരമായ ചുവടുവെപ്പാണ് കേരളം നടത്തിയത്. നഗരവത്കരണം ഉയർത്തുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും മറികടക്കാനും കമ്മീഷന്റെ നിർദേശങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേരളത്തിൽ നഗര നയം രൂപീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ കണക്കുകൾ പ്രകാരം സെൻസസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവൽക്കരിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിനായി നഗരനയം രൂപീകരിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് 2023 ഡിസംബറിൽ നഗര നയ കമ്മീഷൻ രൂപീകരിച്ചു. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് കമ്മീഷൻ രൂപീകരിച്ചത്. വരുന്ന 25 വർഷത്തെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്മത മേഖലകളിലെയും വികസന കാഴ്ചപ്പാടിനെ രൂപീകരിക്കുകയെന്നതാണ് നഗരനയം രൂപീകരിക്കുന്നതിന് പിന്നിലെ അടിസ്ഥാനം. കാലാവസ്ഥാ വ്യതിയാനം ഉൾക്കൊണ്ടുകൊണ്ടുള്ള നഗരവികസന തന്ത്രമാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.
നഗര നയം രൂപീകരിക്കുന്നതിനായി കമ്മീഷൻ ഓൺലൈനായും നേരിട്ടുമുള്ള യോഗങ്ങൾ ചേർന്നു. ആദ്യ യോഗത്തിൽ തന്നെ നയം രൂപീകരിക്കുന്നതിനായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പത്ത് തൂണുകൾ (പില്ലറുകൾ) രൂപീകരിച്ചു. നഗരവൽക്കരണം, സ്ഥലപരാസൂത്രണം, സ്ഥല അടിസ്ഥാന രൂപകൽപ്പനാ തന്ത്രങ്ങൾ (Urbanisation, Spatial Planning and Place-based Design Strategies), ജനങ്ങൾ, സംസ്‌കാരം, പൈതൃകം (People, Culture& Heritage), ഭവനയോഗ്യമായ വാസസ്ഥലവും നിർമ്മിത പരിസ്ഥിതിയും (Habitat & Built Environment), സുസ്ഥിര അടിസ്ഥാന സൗകര്യവും അടിസ്ഥാന സേവനങ്ങളും (Sustainable Infrastructure and Basic Services), കാലാവസ്ഥാ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രദേശങ്ങൾ (Climate resilient Places), വളർച്ചാ ചാലകങ്ങൾ (Growth Drivers), നഗര സമ്പദ് വ്യവസ്ഥയും പ്രാദേശിക സാമ്പത്തിക വികസനവും (Urban Economy and Local Economic Development), ആരോഗ്യവും ക്ഷേമവും Health &Well-being), നവീനവും സുസ്ഥിരവുമായ നഗര ധനസഹായം (Innovative &Sustainable Urban Financing), കൂട്ടായ്മയിലൂടെയുള്ള പ്രാദേശിക സ്വയംഭരണം (Collective Local Self -Governance) എന്നിങ്ങനെയാണ് വിഷയങ്ങളെ തരം തിരിച്ചത്.
യു എൻ ഹാബിറ്റാറ്റ്, യൂനിസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ് (CEPT), അർബൻ ഇക്കോണമി ഫോറം, ജി ഐ ഇസഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, നിംഹാൻസ്, സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ- ഡൽഹി, ഭോപ്പാൽ, വിജയവാഡ, എൻ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ഗോഖലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, ജാമിയ മിലിയ ഇസ്ലാമിയ, ഐ ഐ എസ് ടി തിരുവനന്തപുരം, ആക്ഷൻ എയിഡ്, പാർട്ടിസിപ്പേഷൻ റിസർച്ച് ഇൻ ഏഷ്യ, ജനാഗ്രഹ ബെംഗളുരു, ഐ ഡി എഫ് സി ഫൗണ്ടേഷൻ, സി എസ് ഇ എസ് കൊച്ചി, ആരോഗ്യ സർവകലാശാല, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കില, എന്നിവരാണ് പഠനം നടത്തിയത്.
എൽ എസ് ജി ഡിക്ക് പുറമെ ടൂറിസം, പൊതുമരാമത്ത് വകുപ്പ്, ആസൂത്രണ ബോർഡ്, ജലവിഭവവകുപ്പ്, ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കേരള ഖരമാലിന്യ മാനേജ്മെൻറ് പ്രോജക്ട്, റവന്യൂ വകുപ്പ്, വനിതാ ശിശുക്ഷേമം, ഭവന നിർമ്മാണം തുടങ്ങി വിവിധ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
സി ഐ ഐ കേരള, ക്രെഡായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ച്ചർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനിങ്, ബിൽഡേഴ്സ് അസോസിയേഷൻ, ഐ എം എ എന്നിങ്ങനെ നഗര ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി. ഗവേഷണ, സർക്കാർ, വ്യവസായ, ബിസിനസ് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുമായും സംഘടനകൾക്കും പുറമേ വിദഗ്ധരുമായും ചർച്ചകൾ നടത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരും വിവിധ മേഖലകളിലുള്ള പങ്കാളികളുമായും പ്രതിനിധികളുമായും കമ്മീഷൻ ആശയ വിനിമയം നടത്തി.
ഈ പഠനങ്ങളും റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച കിലയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിഷയങ്ങൾ അവതരിപ്പിച്ചു. ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നടന്ന ദീർഘവും കാര്യമാത്രപ്രസക്തവുമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്.