കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്താശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്തിറങ്ങി. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ വഴിയില്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് ഉൾപ്പെടുന്നത്. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി.
പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 13 വരെയാണ്. പത്താം വാര്‍ഡില്‍ 18, പതിനൊന്നാം വാര്‍ഡില്‍ 37, പന്ത്രണ്ടാം വാര്‍ഡില്‍ 15 കുടുംബങ്ങളാണ് പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്.
ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും, നോ ഗോ സോണിലുള്ളവരുടെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. മൂന്നാംഘട്ട പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ടവരും ഉള്‍പ്പെടും. ഇനിയും 16 കുടുംബങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും, സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനാണ് ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.





