കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) വൈകീട്ട് അഞ്ചുമണിക്ക് കെ എൻ ബാലഗോപാൽ ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് പൊതു സമ്മേളന നഗരിയിൽ സംഗമിക്കും. പതാക ജാഥ എം സ്വരാജ് നയിക്കും. ദീപശിഖ ജാഥ പി കെ ബിജു, കൊടിമര ജാഥ സി എസ് സുജാത എന്നിവരുടെ നേതൃത്വത്തിലാണ്.
സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികൾ പങ്കെടുക്കും, ഇതിൽ 75 പേർ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയൻ, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവൻ, എം വി ഗോവിന്ദൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഞായറാഴ്ച സമാപന സമ്മേളനത്തോടൊപ്പം ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.





