India News

രാജ്യത്ത് കോവിഡ് വകഭേദം എക്‌സ്എഫ്ജി വ്യാപിക്കുന്നു; 163 പേര്‍ക്ക് സ്ഥിരീകരണം, 48 മണിക്കൂറിനിടെ 769 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19ന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 163 പേര്‍ക്കാണ് എക്‌സ്എഫ്ജി വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ഇതോടെ സജീവ കേസുകളുടെ എണ്ണം 6,000 കടന്നു.

റീകോമ്പിനന്റ് വിഭാഗത്തില്‍പ്പെടുന്ന എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകളുണ്ട്. ആദ്യമായി കാനഡയില്‍ കണ്ടെത്തിയ ഈ വകഭേദം ആഗോളതലത്തില്‍ വേഗതയേറിയ വ്യാപനമാണ് കാണിക്കുന്നതെന്ന് ദി ലാന്‍സെറ്റ് ജേണലിലെ ലേഖനം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട് (16), കേരളം (15), ഗുജറാത്ത് (11) സംസ്ഥാനങ്ങളും വലിയ ബാധിത മേഖലകളാണ്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ 6 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. 159 കേസുകള്‍ മേയ് മാസത്തിലും, ഏപ്രിലും ജൂണിലും രണ്ട് കേസുകള്‍ വീതമാണ് കണ്ടെത്തിയത്.

രാജ്യത്ത് നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *