International News

പശ്ചിമേഷ്യ സംഘര്‍ഷം: യുഎഇയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ 80046342 എന്ന ടോള്‍ ഫ്രീ നമ്പറിലും +971543090571 എന്ന വാട്‌സാപ്പ് നമ്പറിലും ബന്ധപ്പെടാമെന്നും ഇ-മെയില്‍ വഴിയും സഹായം ലഭ്യമാണെന്നും അറിയിച്ചു.

ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുമുമ്പ് ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഷെല്‍ട്ടറുകളില്‍ തുടരുക, താമസസ്ഥലത്തിന്റെയും ജോലിസ്ഥലത്തിന്റെയും സമീപമുള്ള സുരക്ഷിത ഇടങ്ങള്‍ തിരിച്ചറിയുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *