ഇറാന്‍ -യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടയില്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിയുന്നത്. ആഗോള എണ്ണ ഗതാഗതത്തിന് പേര് കേട്ട പ്രധാന സമുദ്ര പാതകളിലൊന്നാണിത്. നിലവില്‍ ചില രാജ്യങ്ങള്‍ക്ക് ഈ പാത അനുവദിച്ചിട്ടുണ്ട്. ഇറാന്‍ ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താനൊരുങ്ങുന്നുവെന്നാണ് ടെഹ്രാനില്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്.
സാധാരണയായി അന്താരാഷ്ട്രാ എണ്ണ വ്യാപാരം ഭൂരിഭാഗവും യുഎസ് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്‍ യുവാന്‍ കറന്‍സിയിലേക്ക് മാറുമോ എന്നറിയാനുള്ള ആകാംക്ഷയാണ് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.
ഡോളറില്‍ നിന്ന് മറ്റ് കറന്‍സിയിലേക്കുള്ള മാറ്റങ്ങൾ ആഗോള ഊര്‍ജ വിപണിയെ മാത്രമല്ല മറിച്ച് അന്താരാഷ്ട്രാ സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അമേരിക്കയുടെ ഉപരോധത്തെ തടയുന്നതിൻ്റെ ഭാഗമായാണ് ഇറാന്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യുവാന്‍ കറന്‍സിയിലേക്ക് മാറുന്നത് വഴി ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സാധിക്കും. ഹോര്‍മുസ് കടലിടുക്ക് പോലെയുള്ള പ്രധാന സമുദ്രപാതകളിലുണ്ടാകുന്ന നിയന്ത്രണം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ തന്ത്രപരമായ നീക്കമായി കണക്കാക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.





