Death Kerala Law News

സ്വർണത്തിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ജീവപര്യന്തം തടവ്

തനിച്ചു താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ കൊച്ചുമകനും കടലശ്ശേരി ദേശത്ത് ഊമ്മൻപിള്ളി വീട്ടില്‍ തിലകന്‍ മകന്‍ ഗോകുൽ @ കണ്ണൻ 36 വയസ്സ് എന്നവരെ ജീവപര്യന്തം തടവിനും, അതിനു പുറമെ 12 വർഷം തടവിനും കൂടാതെ നാല് ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ കമനീസ് ശിക്ഷ വിധിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറ വില്ലേജ് കടലാശ്ശേരിയില്‍ 2022 ഫെബ്രുവരി 25 ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊമ്മൻപിള്ളി വീട്ടില്‍ വേലായുധന്‍ ഭാര്യ കൗസല്യ 78 വയസ്സ് എന്നവരാണ് കൊല്ലപ്പെട്ടത്. സംഭവദിവസം പകല്‍ 9.00 മണിക്കും വൈകീട് 6 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് കടലാശ്ശേരിയിലുള്ള തറവാട്ട് വീട്ടിൽ വെച്ച് കൗസല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനു വേണ്ടി ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി തലയിണ മുഖത്തമർത്തി കൊച്ചുമകനായ ഗോകുലാണ് കൗസല്യയെ ശ്വാസം മുട്ടിച്ചു കൊലപെടുത്തിയതെന്ന് കണ്ടെത്തിയത്. ചേര്‍പ്പ് എ.എസ്.ഐ. ആയ സിന്ധുവാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് അന്വേഷണം ഏറ്റെടുത്തു നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ചാർജ് നല്‍കിയത് അന്നത്തെ ചേർപ്പ് ഇൻസ്‌പെക്ടർ ആയിരുന്ന ടി.വി.ഷിബുവാണ്. കേസന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ദിലീപ്, എ.എസ്.ഐ സരസപ്പൻ എന്നിവർ ഉള്‍പ്പെട്ടിരുന്നു. പോലീസ് ലെയ്‌സൺ ഓഫീസർ അജീഷ് കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 24സാക്ഷികളെ വിസ്തരിക്കുകയും, 39 രേഖകളും, 22 മുതലുകളും ഹാജരാക്കുകയും ചെയ്തു.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളും, സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കി പ്രോസിക്യൂഷനു വേണ്ടി വാദം നടത്തിയ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി. അജയ്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

കെ.പി.അജയ്കുമാര്‍, ജില്ലാ ഗവ. പ്ലീഡര്‍ & ‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍,‍ തൃശ്ശൂര്‍. 9496169309

Leave a Reply

Your email address will not be published. Required fields are marked *