Kerala News Politics

നവഭാരത സദസ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി

തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ 12 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘നവഭാരത സദസ്സും വികസിത ഭാരത കൺവെൻഷനും’ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻ്റ് എ. നാഗേഷ്, ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, കെ.പി. ജോർജ്, ഡോ. ബിന്ദു എന്നിവർ പ്രസംഗിച്ചു. സബീഷ് മരുതയൂർ, പ്രസീദ് ദാസ്, സുധീഷ് മേനോത്തുപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ശാശ്വത വികസനവും ലക്ഷ്യമിട്ടുള്ള ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷമായി നടപ്പിലാക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. വെറും റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ജനങ്ങൾക്ക് സ്വയംപര്യാപ്തതയും സാമ്പത്തിക ശക്തിയും നൽകുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണരീതി ദീർഘ വീക്ഷണത്തോടെയുള്ളതാണെന്നും രാജ്യത്തിൻ്റെ ഭാവി വികസനം മുന്നിൽ കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിനൊപ്പം വികസിത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ജനങ്ങളും പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേന്ദ്ര സർക്കാരിൻ്റെ 12 വർഷത്തെ നേട്ടങ്ങൾ വീടുതോറും എത്തിക്കുന്നതിനായി മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പാർട്ടി പ്രവർത്തകർ എന്നിവർ രാജ്യവ്യാപകമായി ജനങ്ങളെ നേരിൽ സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ അവസാനത്തെ പൗരനിലേക്കും എത്തിക്കുക എന്നതാണ് ഈ ജനസമ്പർക്ക പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തിൽ എയിംസ് വരാനുള്ള സമയം എത്തിയതായി തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അനുയോജ്യമായ സ്ഥലങ്ങൾ നിർദ്ദേശിക്കേണ്ടതുണ്ടെന്നും എയിംസ് സ്ഥാപിക്കുന്നതിലൂടെ ആ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ വികസനപരമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്ക് പ്രാധാന്യം നൽകണമെന്നാണ് തൻ്റെ നിലപാടെന്നും, സുരേഷ് ഗോപി പറഞ്ഞു. എന്നാൽ എയിംസ് കേരളത്തിൽ എവിടെയായാലും സ്ഥാപിക്കപ്പെടണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നാല് എയിംസുകളിൽ നിന്ന് ഇരുപതിലേറെ എയിംസുകളിലേക്ക് വികസിപ്പിക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തിലും എയിംസ് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തുടർന്ന് നടന്ന സംവാദ സെഷനിൽ കേന്ദ്ര സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി മറുപടി നൽകി. വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *