ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ, പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിലെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും എൻടിഎ അറിയിച്ചു. സമഗ്രമായ സുരക്ഷാ സംവിധാനങ്ങളുടെയും കർശനമായ നിരീക്ഷണത്തിൻ്റെയും കീഴിൽ പരീക്ഷ വിജയകരമായി നടത്താനായി എന്നും ഏജൻസി വ്യക്തമാക്കി.
“നീറ്റ് (യുജി) 2026 സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ എൻടിഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ വീഡിയോ വ്യാജമാണ്. അതിലുള്ള അവകാശവാദങ്ങൾ തെറ്റാണ്,” എൻടിഎ പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും എൻടിഎ അഭ്യർഥിച്ചു. പരീക്ഷാ നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും ഏജൻസി വ്യക്തമാക്കി.





