ന്യൂഡൽഹി: വാർഷിക അമർനാഥ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും പ്രതീകമാണ് അമർനാഥ് യാത്രയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
യാത്രയ്ക്കിടെ തീർത്ഥാടകർ ശുചിത്വം പാലിക്കണമെന്നും ഭരണകൂടത്തിൻ്റെ സുരക്ഷാ നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിൻ്റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങൾക്ക് മുൻഗണന നൽകാനും ‘ഏക് പേട് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കാനും അദ്ദേഹം തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.
അമർനാഥ് യാത്രയുടെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിനായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്., ജമ്മു-കശ്മീർ പൊലീസ്, ഐ.ടി.ബി.പി., ബി.ആർ.ഒ., ആരോഗ്യപ്രവർത്തകർ, ശുചീകരണ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
യാത്ര സുരക്ഷിതവും മംഗളകരവും ആത്മീയ അനുഭവം പകരുന്നതുമായിരിക്കട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി, വികസിത ഇന്ത്യയുടെ നിർമാണത്തിൽ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണമെന്നും സന്ദേശത്തിൽ വ്യക്തമാക്കി.





