Health India Kerala News

ഡാബർ ഉത്പന്നങ്ങൾക്ക് വിലക്കെർപ്പെടുത്തി എഫ് എസ് എസ് എ ഐ

ന്യൂഡൽഹി: ‘100 ശതമാനം’ എന്ന അവകാശവാദങ്ങളോടെ നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ നിന്ന് ഡാബർ ഇന്ത്യ ലിമിറ്റഡിനെ ഇന്ത്യൻ ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) വിലക്കി. ഇത്തരം ലേബലിങ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്ക് വിരുദ്ധവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.

തിങ്കളാഴ്ച സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഡാബറിനെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചത്.’

100% നാചുറൽ’, ‘100% പ്യുവർ’, ‘100% പ്യൂരിറ്റി ഗ്യാരണ്ടീഡ്’, ‘100% ഓർഗാനിക്’, ‘100% ടെൻഡർ കൊക്കനട്ട് വാട്ടർ’ തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിച്ച് കമ്പനി ഉൽപ്പന്നങ്ങൾ വിപണനം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഡാബറിന്റെ തേൻ, ആപ്പിൾ സൈഡർ വിനാഗിരി, വെർജിൻ വെളിച്ചെണ്ണ, എള്ളെണ്ണ, പശുനെയ്യ്, ഇളനീർ, തേങ്ങാപ്പാൽ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.കമ്പനിയുടെ വെബ്‌സൈറ്റിൽ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന ഉൽപ്പന്നങ്ങളിലാണ് ഇത്തരം ‘100%’ അവകാശവാദങ്ങൾ കണ്ടെത്തിയതെന്നും ഇത് നിലവിലെ ഭക്ഷ്യസുരക്ഷാ, ലേബലിങ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേബലിങ്ങും തടയുന്നതിനും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കൃത്യമായ വിവരങ്ങൾ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. സംഭവത്തിൽ ഡാബർ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *