തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും ആരോപണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗവും മുൻ വിജിലൻസ് മേധാവിയുമായ ജേക്കബ് തോമസ് ഐപിഎസ് (റിട്ടയേഡ്) ആവശ്യപ്പെട്ടു.
ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെങ്കിൽ, അവ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നിയമാനുസൃതമായ തുടർനടപടികൾ വൈകിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.
ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണം. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട ഇടപാടുകൾ, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കൈമാറ്റങ്ങൾ, വിദേശത്തേക്ക് പണം പോയെന്നുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് നേരത്തെ തന്നെ വിവിധ ഏജൻസികൾ പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തണം. പണം എവിടെനിന്ന് ലഭിച്ചു, ആരിലേക്കാണ് കൈമാറിയത്, വിദേശത്തേക്ക് പണം പോയിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ട്. ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിക്കണം.
സംസ്ഥാന സർക്കാരിന്റെ ഓഹരിയുള്ള സ്ഥാപനത്തിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ, ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടവർക്കോ പണം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണം. വ്യവസായ സ്ഥാപനങ്ങൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനധികൃതമായി പണം നൽകേണ്ട സാഹചര്യമുണ്ടായിരുന്നോ എന്നതും പരിശോധിക്കേണ്ടതാണ്.
ഗൗരവമേറിയ വിവരം സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചാൽ ആവശ്യമായ നിയമനടപടികളിലേക്ക് കാലതാമസമില്ലാതെ കടക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. നിയമോപദേശം ആവശ്യമായ സാഹചര്യത്തിൽ അത് തേടിയശേഷം തുടർനടപടി സ്വീകരിക്കാം. എന്നാൽ ഗുരുതരമായ വിവരങ്ങൾ ലഭിച്ചിട്ടും അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല.
കേരളം കഴിഞ്ഞ പത്ത് വർഷം ഭരിച്ച മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. അതിനാൽ ഇത് ഒരു രാഷ്ട്രീയ ആരോപണം മാത്രമായി കാണാനാകില്ല. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുകയും ഇല്ലെങ്കിൽ ബന്ധപ്പെട്ടവർക്ക് അഗ്നിശുദ്ധി വരുത്താനുള്ള അവസരം ലഭിക്കുകയും വേണം. സത്യാവസ്ഥ അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങൾക്കുണ്ട്.
വിവിധ അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം. രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി നിയമപരമായ അന്വേഷണം നടക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പൂർണ്ണിമ സുരേഷ്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ പങ്കെടുത്തു.





