Education India Kerala Medical News Politics science

വൈദ്യശാസ്ത്രത്തിൽ സാങ്കേതികവിദ്യ മനുഷ്യസ്പർശത്തിന് പകരമാകരുത്: ഉപരാഷ്ട്രപതി

തിരുവനന്തപുരം: വൈദ്യശാസ്ത്രരംഗത്ത് സാങ്കേതികവിദ്യ ഡോക്ടർമാരെ സഹായിക്കേണ്ടതാണെന്നും മനുഷ്യസ്പർശത്തിന് പകരമാകരുതെന്നും ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡിജിറ്റൽ ഹെൽത്ത്, നൂതന ഇമേജിംഗ്, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമിയിൽ ആരംഭിച്ച റോബോട്ടിക് സർജറി, കമ്പ്യൂട്ടർ അധിഷ്ഠിത രോഗനിർണയ സംവിധാനങ്ങൾ എന്നിവയെ അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക പുരോഗതിക്കൊപ്പം കരുണയും ധാർമികതയും മെഡിക്കൽ രംഗത്ത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“മനസ്സിൽ അറിവും, ഹൃദയത്തിൽ കരുണയും, പ്രവർത്തനത്തിൽ സത്യസന്ധതയും” കാത്തുസൂക്ഷിക്കണമെന്ന് ബിരുദം നേടിയ ഡോക്ടർമാരോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. യുവ ഡോക്ടർമാർ ലഹരിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ 60 വനിതകളും 32 പുരുഷന്മാരും ബിരുദവും അഞ്ച് വനിതകളും രണ്ട് പുരുഷന്മാരും ബിരുദാനന്തര ബിരുദവും നേടി. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ 12 വർഷത്തിനിടെ 12 പുതിയ എയിംസ് സ്ഥാപനങ്ങൾ ആരംഭിച്ചതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *