Education India Kerala News Politics

എൻടിഎയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പാർലമെൻ്ററി സമിതി; റിപ്പോർട്ട് ഗൗരവമായി കാണണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയിലും (എൻടിഎ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലും ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ഉണ്ടായതായി പാർലമെൻ്ററി സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോൺഗ്രസ്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ നരേന്ദ്ര മോദി സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ദേശീയ പരീക്ഷാ ഏജൻസിയുടെ പരിഷ്കാരവും ശക്തിപ്പെടുത്തലും എന്ന തലക്കെട്ടിലുള്ള വിദ്യാഭ്യാസകാര്യ പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് എൻടിഎയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ പരാമർശിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. 2017ൽ എൻടിഎ രൂപീകരിച്ചതിനുശേഷം ഏജൻസി നടത്തിയ പരീക്ഷകളിലൊന്നിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വാദത്തെയും സമിതി ചോദ്യം ചെയ്തതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശ് പറഞ്ഞു.

രാജ്യസഭാംഗം മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ട് എൻടിഎയിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഗുരുതരമായ കഴിവുകേടുകളും ക്രമക്കേടുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് ആരോപിച്ചു. സർക്കാരിന്റെ അഹങ്കാരം മാറ്റിവെച്ച് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമായി കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *