India International News Politics

ലഡാക്കിൽ റോഡ് വികസനവും ലേ വിമാനത്താവള വികസനവും; 3,350 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ലഡാക്കിൽ 3,350 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. റോഡ്, വ്യോമ ഗതാഗതം, ഊർജം, ജലസംരക്ഷണം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നീ മേഖലകൾക്ക് പദ്ധതികൾ കരുത്തേകും.

ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിൽ 640 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാസഞ്ചർ ടെർമിനലാണ് പ്രധാന പദ്ധതികളിലൊന്ന്. പ്രതിവർഷം 35 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ടെർമിനൽ.

നിമ്മുവിനെയും ഹിമാചൽ പ്രദേശിലെ ദാർച്ചയെയും ബന്ധിപ്പിക്കുന്ന 298 കിലോമീറ്റർ ദൈർഘ്യമുള്ള നിമ്മു–പദും–ദാർച്ച റോഡും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സൻസ്കാർ താഴ്‌വരയിലൂടെ കടന്നുപോകുന്ന റോഡ് ലഡാക്കിലേക്കുള്ള ബദൽ ഗതാഗത പാതയാകും. പ്രതിരോധ മേഖലയിലെ നീക്കങ്ങൾക്കും പ്രാദേശിക ഗതാഗതത്തിനും ഇത് സഹായകമാകും.

9 മെഗാവാട്ട് ഹാനു ചെറുകിട ജലവൈദ്യുത പദ്ധതിയും വൈദ്യുതി പ്രസരണ ലൈനും ഉദ്ഘാടനം ചെയ്യും. ലേയിൽ ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് സംരക്ഷണ പാർക്കും 40 ഗ്രാമങ്ങളിലായി വികസിപ്പിച്ച 40 ജലസംഭരണികളും പദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാരം, സാംസ്കാരിക പൈതൃക സംരക്ഷണം, കൃഷി, ജലസുരക്ഷ എന്നിവയ്ക്ക് പദ്ധതികൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *