Business Court Economy India International Kerala Law News

അബുദാബി ഫ്ലൈറ്റ് യാത്ര നിഷേധിച്ചു,എത്തിയത് ഷാർജയിൽ, അമ്മക്കും കുട്ടിക്കും നഷ്ടം സഹിതം 70287 രൂപയും പലിശയും നൽകാൻ വിധി

അബുദാബിയിലേക്ക് ടിക്കറ്റെടുത്ത്, യാത്ര നിഷേധിക്കപ്പെട്ട് ഷാർജയിലേക്ക് യാത്ര ചെയ്യേണ്ടി വന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ അനുകൂല വിധി. തൃശൂർ തൃക്കുരിലുള്ള കൃഷ്ണ നിവാസിലെ അശ്വതി രാധാകൃഷ്ണൻ,ആറു വയസ്സുള്ള മകൻ ശ്രീറാം അജു എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് എയർ ഇന്ത്യ ചാർട്ടേർസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്.

ഹർജിക്കാർ 20287 രൂപ നല്കി അബുദാബി ടിക്കറ്റെടുത്തു് വിമാനത്താവളത്തിലെത്തിയെങ്കിലും യാത്ര നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്ന് എതിർകക്ഷിയുടെ നിർദ്ദേശപ്രകാരം ഷാർജയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വന്നു. പിന്നീട് ഷാർജയിലെത്തി ആറ് വയസ്സുള്ള മകനുമൊത്തു് അബുദാബിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. നിശ്ചയിച്ച സ്ഥലത്തേക്ക് യാത്ര ചെയ്യുവാൻ അനുവദിക്കാതിരുന്നതു് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.

ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോടൊപ്പം ഇപ്രകാരമുള്ള യാത്ര വളരെ അസൗകര്യങ്ങളും മാനസിക പ്രയാസങ്ങളും സൃഷ്ടിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് ടിക്കറ്റ് ചാർജ് 20287 രൂപയും അയതിന് 2021 ഫെബ്രുവരി 11 തിയ്യതി മുതൽ 9 % പലിശയും സേവനത്തിലെ വീഴ്ചക്കും മാനസിക പ്രയാസത്തിനും അസൗകര്യങ്ങൾക്കും പരിഹാരമായി 40000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *