പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി എടുക്കുന്നയാളാണ് വിശ്വൻ വക്കീൽ. എംവി ഗോവിന്ദൻ്റെ സഹായമില്ലാതെ ഇത് നടക്കില്ല. എംവി ഗോവിന്ദന് ഈ കാര്യത്തിൽ നിക്ഷിപ്ത താത്പര്യമാണുള്ളത്. ദിവ്യയ്ക്ക് കോടതിയിൽ പോകാനുള്ള സൗകര്യം ഒരുക്കിയത് പൊലീസും സിപിഎമ്മുമാണ്. ആഭ്യന്തര വകുപ്പിൻ്റെ സഹായമില്ലാതെ ദിവ്യയ്ക്ക് ഇത്ര ദിവസം ഒളിവിൽ കഴിയാനാവില്ല. നവീൻ ബാബുവിൻ്റെ ഭാര്യ ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പത്തനംതിട്ട ജില്ലാ നേതൃത്വം നിലപാട് പണയം വെച്ചത് സംസ്ഥാന സെക്രട്ടറി ഇടപെട്ടതോടെയാണ്. കണ്ണൂർ ലോബിക്ക് മുന്നിൽ പത്തനംതിട്ട ജില്ലാ ഘടകം കീഴടങ്ങിയത് ഗോവിന്ദൻ്റെ താത്പര്യം സംരക്ഷിക്കാനാണ്. നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ബിജെപി എല്ലാ സഹായവും ചെയ്യും. തിരഞ്ഞെടുപ്പിൻ്റെ സമയത്ത് പോലും ദിവ്യയ്ക്ക് സംരക്ഷണം എങ്ങനെ കിട്ടുന്നുവെന്ന് ആലോചിക്കണം. ദിവ്യയെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാത്തതാണ് നല്ലത്.
പൂരം കലങ്ങിയില്ലെങ്കിൽ എന്തിനാണ് എഫ്ഐആർ ഇടുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. പൂരം സർക്കാർ കലക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.