കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദ് ആണ് ജാമ്യത്തിന് അനുമതി നൽകിയത്. 11 ദിവസത്തെ റിമാൻഡ് കഴിഞ്ഞാണ് ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
കേസിന്റെ മുൻവാദത്തിൽ, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ചില പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം സമ്മതിച്ചിരുന്നു. ദിവ്യ ജാമ്യത്തിൽ പുറത്തുപോകുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദം ഉന്നയിക്കുകയും നവീൻ ബാബുവിന്റെ കുടുംബം ഇതിന് പിന്തുണ നൽകുകയും ചെയ്തു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബർ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ദിവ്യ പൊലീസിന് കീഴടങ്ങി. 11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ ആയിരുന്നു.