തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന ഫീസിൽ മുതിർന്ന പൗരൻമാർക്ക് 50% ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
2016-19 കാലയളവിൽ കേരള നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിയിലേക്ക് കോഴിക്കോട് ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രസിഡന്റ് സമർപ്പിച്ച ഹർജിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് ഫീസ് ഇളവ് നൽകണമെന്ന ആവശ്യത്തെ തുടർന്ന് നിയമസഭാ സമിതി ഇതേ കുറിച്ച് സർക്കാരിനോട് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച നിയമസഭാ സമിതി, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് പ്രവേശന ഫീസ് ഇളവ് നൽകുന്നത് സംബന്ധിച്ച് ഉത്തരവിറക്കി. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ തന്റെ റിപ്പോർട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 50% ഇളവ് നൽകാൻ ശുപാർശ ചെയ്തിരുന്നു.
സർക്കാർ, വിഷയത്തെ വിശദമായി പരിശോധിച്ചതിന് ശേഷം വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മുതിർന്ന പൗരൻമാർക്ക് പ്രവേശന ഫീസിൽ 50% ഇളവ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.





