ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരുടെ പിന്നാലെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങ് റാംലീലാ മൈതാനത്ത് നടക്കും.
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രേഖ ഗുപ്ത, ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കൂടാതെ, ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേശ് സിങ് വര്‍മയെ നിയമിക്കുകയും, സ്പീക്കറായി വിജേന്ദര്‍ ഗുപ്തയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്.
70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകള്‍ നേടിയപ്പോൾ, എഎപി 22 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഇതിന്‍റെ തുടർച്ചയായി, 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.





